

സിഡ്‌നി: 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പന്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ച് കൃത്രിമം നടത്തിയത് ഓസ്ട്രേലിയൻ ടീമിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ ഓസീസ് താരം കാമറൂൺ ബാൻക്രോഫ്റ്റ്. വിവാദവുമായി ബന്ധപ്പെട്ട് ഉസ്മാൻ ഖവാജ നേരത്തെ നടത്തിയ വെളിപ്പെടുത്തലുകളെ ശരിവെക്കുന്ന പരാമർശങ്ങളാണ് ബാൻക്രോഫ്റ്റ് നടത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച പാറ്റ് കമ്മിൻസ് പത്രസമ്മേളനം നടത്തി തള്ളിപ്പറഞ്ഞത് തന്നെ വേദനിപ്പിക്കുകയും രോഷാകുലനാക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
'ദ വെസ്റ്റ്' എന്ന ഓസ്‌ട്രേലിയൻ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബാൻക്രോഫ്റ്റിന്റെ നിർണായക വെളിപ്പെടുത്തലുകൾ. 2018ൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തിനിടെ താൻ പൂർണവും സത്യസന്ധവുമായ മൊഴി നൽകിയിരുന്നില്ലെന്നും അദ്ദേഹം സമ്മതിച്ചു. പന്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ച് ചുരണ്ടിയത് എപ്പോൾ മുതലാണ്, എത്രനാൾ അത് തുടർന്നു, ടീമിലെ മറ്റ് താരങ്ങൾക്ക് ഇക്കാര്യത്തിൽ എത്രത്തോളം അറിവുണ്ടായിരുന്നു തുടങ്ങിയ നിർണായക വിവരങ്ങൾ അന്ന് താൻ വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് ബാൻക്രോഫ്റ്റിന്റെ തുറന്നുപറച്ചിൽ. മറ്റ് താരങ്ങൾ കൂടി വിവാദത്തിൽ ഉൾപ്പെടുന്നത് ഒഴിവാക്കാനാണ് അന്ന് പല വിവരങ്ങളും മറച്ചുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ബാൻക്രോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തൽ 2018ലെ പന്തുചുരണ്ടൽ വിവാദത്തിൽ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ടീമിലെ ഏതാനും താരങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന വിവാദത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കോ അറിവോ ഉണ്ടായിരുന്നുവെന്ന സംശയങ്ങൾക്കും ഇത് ശക്തി പകരുന്നു. ടീമംഗൾക്ക് മുഴുവൻ അറിയാമായിരുന്നുവെന്ന ഖവാജയുടെ പരാമർശത്തെ തള്ളി നേരത്തെ കമ്മിൻസ് രംഗത്തെത്തിയിരുന്നു. തുടർന്ന് വാർണർ ഖവാജയുടെ പക്ഷം പിടിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ ബാൻക്രോഫ്റ്റിന്റെ വെളുപ്പെടുത്തലോടെ ഓസീസ് ക്രിക്കറ്റിൽ പന്തുചുരണ്ടാൽ വിവാദം ആളിക്കത്തുകയാണ്. ഓസീസ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിലേക്കാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.