ശസ്ത്രക്രിയയൊന്നുമില്ല, ശ്രേയസ് അയ്യര്‍ ആരോഗ്യവാനായി ഉടന്‍ തിരിച്ചുവരും

ശസ്ത്രക്രിയ നടത്തിയെന്ന വാര്‍ത്തകൾ ശരിയല്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ
ശസ്ത്രക്രിയയൊന്നുമില്ല, ശ്രേയസ് അയ്യര്‍ ആരോഗ്യവാനായി ഉടന്‍ തിരിച്ചുവരും
Image: X
Published on

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ. ശസ്ത്രക്രിയ നടത്തിയെന്ന തരത്തില്‍ വരുന്ന വാര്‍ത്തകൾ ശരിയല്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ വ്യക്തമാക്കി.

ആന്തരിക രക്തസ്രാവമുണ്ടായി ഐസിയുവിലായിരുന്നെങ്കിലും നിലവില്‍ താരം അപകടനില തരണം ചെയ്തു. ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായത്. സിഡ്‌നി ആശുപത്രിയില്‍ അയ്യരുടെ ചികിത്സ നടത്തുന്ന ഡോക്ടറുമായി താന്‍ പതിവായി ബന്ധപ്പെടുന്നുണ്ട്. പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ആറ് മുതല്‍ എട്ടാഴ്ച വരെ സമയമെടുക്കുമെന്നാണ് കരുതുന്നത്. പക്ഷെ, അത്ഭതും പ്രതീക്ഷിക്കാം, നിലവിലെ സ്ഥിതിയില്‍ അദ്ദേഹം വേഗം സുഖം പ്രാപിച്ചേക്കാമെന്നും സൈകിയ പറഞ്ഞു.

അയ്യരുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ പൂര്‍ണ തൃപ്തരാണ്. ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാം. പരിക്ക് വളരെ ഗുരുതരമായിരുന്നെങ്കിലും ഇപ്പോള്‍ അപകടനില തരണം ചെയ്തു. അതുകൊണ്ടാണ് ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റാനായാത്.

അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിട്ടില്ല, അത്യാധുനിക ചികിത്സയിലൂടെ പെട്ടെന്ന് സുഖം പ്രാപിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം സംസാരിക്കുകയും തമാശ പറയുന്നുമുണ്ടെന്നും സൈകിയ കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയയൊന്നുമില്ല, ശ്രേയസ് അയ്യര്‍ ആരോഗ്യവാനായി ഉടന്‍ തിരിച്ചുവരും
കലൂർ സ്റ്റേഡിയം കൈമാറ്റത്തിലെ വിവാദങ്ങൾ ചർച്ച ചെയ്യാൻ ജിസിഡിഎ യോഗം ഇന്ന്; മെസി വരും, കളി നടക്കുമെന്ന് ജിസിഡിഎ ചെയർമാൻ

ശ്രേയസ് അയ്യരുമായി ഫോണില്‍ സംസാരിച്ചതായി ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അറിയിച്ചു. ഫോണില്‍ ഞങ്ങളെല്ലാവരുമായും അദ്ദേഹം സംസാരിക്കുന്നുണ്ട്. അതിനര്‍ത്ഥം അദ്ദേഹം പൂര്‍ണമായും സുഖമായിരിക്കുന്നുവെന്നാണ്. നിര്‍ഭാഗ്യകരമായ സംഭവമാണ് അദ്ദേഹത്തിനുണ്ടായത്. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് മികച്ച ചികിത്സയാണ് നല്‍കുന്നത്. കുറച്ച് ദിവസത്തേക്ക് ചികിത്സ തുടരുമെങ്കിലും വിഷമിക്കേണ്ടതില്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിനിടെ അലക്സ് ക്യാരിയെ പുറത്താക്കാന്‍ ക്യാച്ചെടുത്തപ്പോഴായിരുന്നു ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റത്. വാരിയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതോടെയാണ് താരത്തെ ഐസിയുവിലേക്ക് മാറ്റിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് അയ്യരെ ടീം ഫിസിയോമാര്‍ ചേര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോയിരുന്നു. ഡ്രസ്സിങ് റൂമില്‍ വെച്ച് അയ്യര്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്‌കാനിങ്ങില്‍ വാരിയെല്ലുകളുടെ അടിയില്‍ പ്ലീഹയില്‍ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പരിചരണത്തിനായി സിഡ്നിയിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com