
മുംബൈ: ടി20യിൽ ഇന്ത്യൻ ടീമിൻ്റെ നായക പദവി ശുഭ്മാൻ ഗില്ലിന് നൽകേണ്ടി വരുമോയെന്ന ആശങ്ക തന്നെ അലട്ടുന്നുണ്ടെന്ന് നിലവിലെ നായകൻ സൂര്യകുമാർ യാദവ്. ഭയമില്ലെന്ന് കളവ് പറയാനാകില്ലെന്നും എന്നാൽ ആ പേടി തനിക്കൊരു മോട്ടിവേഷനായി മാറ്റുകയാണ് ചെയ്യുന്നതെന്നും സൂര്യകുമാർ പറഞ്ഞു.
"ഗിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ രണ്ട് പ്രധാന ഫോർമാറ്റുകളിൽ നായകനായെന്നതിൽ എനിക്കും സന്തോഷമുണ്ട്. കളത്തിലും പുറത്തും ഞങ്ങൾ ഇരുവരും തമ്മിലുള്ള ബന്ധം ഊഷ്മളമാണ്. ശുഭ്മാൻ ഗിൽ എന്തുമാത്രം നല്ലൊരു വ്യക്തിത്വമാണെന്ന് എനിക്കറിയാം. അതിനാൽ അദ്ദേഹം ക്യാപ്റ്റനായേക്കുമെന്നത് എന്നെ സംബന്ധിച്ച് സന്തോഷകരമായ കാര്യമാണ്. മികച്ച പ്രകടനം നടത്താൻ അതെന്നെ മോട്ടിവേറ്റ് ചെയ്യുമെന്നുറപ്പാണ്," സൂര്യകുമാർ പറഞ്ഞു.
"ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഭയം എന്നെ കീഴ്പ്പെടുത്താൻ അനുവദിക്കാറില്ലെന്നും സൂര്യ പറഞ്ഞു. ഇത്തരം കാര്യങ്ങൾ കളിക്കളത്തിൽ എന്നെ ബാധിക്കുമായിരുന്നു എങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യ ബാൾ ഞാൻ ഇങ്ങനെ ആയിരിക്കില്ല കളിച്ചിട്ടുണ്ടാകുക. ഭയം എന്ന വികാരത്തെ ഞാൻ പണ്ടേ മറന്നതാണ്.
"ഞാൻ കഠിനാധ്വാനം ചെയ്യുകയും പിന്തുടരേണ്ട കാര്യങ്ങൾ പിന്തുടരുകയും എന്നോട് തന്നെ സത്യസന്ധത പുലർത്തുകയും ചെയ്താൽ ബാക്കിയുള്ള കാര്യങ്ങൾ നല്ല രീതിയിൽ തന്നെ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു," സൂര്യകുമാർ പറഞ്ഞു.
ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ സൂര്യകുമാർ അടുത്തിടെ ഇന്ത്യയെ 2025ലെ ഏഷ്യാ കപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു. രണ്ട് വർഷത്തോളം ടി20യിൽ ബാറ്റ്‌സ്മാൻമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്ന സൂര്യകുമാർ, ഒക്ടോബർ 29ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കാൻ വീണ്ടും ഒരുങ്ങുകയാണ്.