

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ 19ാം സീസണിലെ 53ാമത് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 204 റൺസ് വിജയലക്ഷ്യം. ജോഷ് ഇംഗ്ലിസിൻ്റേയും (85) ഷഹബാസിൻ്റേയും (43) വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് സൂപ്പർ ജയൻ്റ്സ് 203 റൺസെടുത്തത്.
ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ചെന്നൈയുടെ ഹോം ഗ്രൌണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം നടക്കുന്നത്.
ലഖ്നൗവിനായി ഓപ്പണർമാരായ ജോഷ് ഇംഗ്ലിസും മിച്ചൽ മാർഷും തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. ജോഷ് ഇംഗ്ലിസ് 17 പന്തിൽ നിന്നും ഫിഫ്റ്റിയുമായി തകർത്തടിച്ചതോടെ ലഖ്നൌവിൻ്റെ സ്കോർ 3.4 ഓവറിൽ 50 പിന്നിട്ടു. പവർപ്ലേയിലെ ആദ്യ ആറ് ഓവറുകളിൽ നിന്ന് ലഖ്നൗ 91 റൺസാണ് നേടിയത്.
മൂന്ന് വിക്കറ്റെടുത്ത ജാമി ഓവർട്ടണാണ് ചെന്നൈ ബൌളർമാരിൽ തിളങ്ങിയത്. 33 പന്തിൽ നിന്ന് 85 റൺസെടുത്ത ജോഷ് ഇംഗ്ലിസിനെ ജാമി ഓവർട്ടണിൻ്റെ പന്തിൽ സഞ്ജു ഇടത്തേക്ക് ഡൈവ് ചെയ്തെടുത്ത തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി.
10 റൺസെടുത്ത മിച്ചെൽ മാർഷ് അൻഷുൽ കാംബോജിൻ്റെ പന്തിൽ ഡിവാൾഡ് ബ്രെവിസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നാലെ നിക്കൊളാസ് പൂരൻ (1) നൂർ അഹമ്മദിൻ്റെ പന്തിൽ സബ്‌സ്റ്റിറ്റ്യൂട്ട് സർഫറാസ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 15 റൺസെടുത്ത റിഷഭ് പന്ത് ജാമി ഓവർട്ടണിൻ്റെ പന്തിൽ പ്ലേയ്ഡ് ഓണായി പുറത്തായി.
പിന്നാലെ ആറ് റൺസെടുത്ത എയ്ഡൻ മാർക്രമിനെ ബ്രെവിസ് നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി. 18 റൺസെടുത്ത അക്ഷത് രഘുവൻഷിയെ ഓവർട്ടണിൻ്റെ പന്തിൽ ഉർവിൽ പട്ടേൽ ക്യാച്ചെടുത്ത് പുറത്താക്കി.