

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ സൗത്ത് ഇന്ത്യൻ ഡെർബി പോരാട്ടത്തിൽ സമ്പൂർണ മേധാവിത്തം ആർസിബിക്ക്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ 251 റൺസിന് മറുപടിയായി ചെന്നൈ സൂപ്പർ കിങ്സ് 19.4 ഓവറിൽ 207 റൺസിന് എല്ലാവരും പുറത്തായി. 43 റൺസിനാണ് ചെന്നൈ തോൽവി സമ്മതിച്ചത്.
ജയത്തോടെ ആർസിബി (+2.501) പോയിൻ്റ് നിലയിൽ രാജസ്ഥാൻ റോയൽസിനെ (+2.233) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തി. ഇരു ടീമുകൾക്ക് നാല് പോയിൻ്റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിൻ്റെ കരുത്തിൽ ആർസിബി മുന്നിലെത്തി. മൂന്ന് തോൽവികളോടെ ചെന്നൈ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.
25 പന്തിൽ നിന്ന് ഫിഫ്റ്റി നേടിയ സർഫറാസ് ഖാൻ (50), പ്രശാന്ത് വീർ (29 പന്തിൽ 43), ജാമി ഓവർട്ടൻ (16 പന്തിൽ 37), ശിവം ദുബെ (18) എന്നിവർ മാത്രമാണ് ചെന്നൈ നിരയിൽ നിന്ന് അൽപ്പമെങ്കിലും പൊരുതി നിന്നത്. സിഎസ്‌കെ നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ് (7), ആയുഷ് മാത്രെ (1), സഞ്ജു സാംസൺ, കാർത്തിക് ശർമ (6) എന്നിവരടങ്ങിയ മുന്നേറ്റ നിര മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. മലയാളി താരം സഞ്ജു സാംസൺ ലോകകപ്പിന് ശേഷം ബാറ്റിങ് മറന്ന പോലെയാണ് ക്രീസിൽ പെറുമാറുന്നത്.
ഓപ്പണർമാരെ ഇരുവരെയും ജേക്കബ് ഡഫിയും ആയുഷിനെ ഭുവനേശ്വർ കുമാറുമാണ് പുറത്താക്കിയത്. ആർസിബി ബൗളർമാരിൽ ഭുവനേശ്വർ കുമാർ മൂന്നും, ജേക്കബ് ഡഫി, ക്രുനാൽ പാണ്ഡ്യ, അഭിനന്ദൻ സിങ് എന്നിവർ രണ്ട് വീതവും വിക്കറ്റെടുത്തു.
നേരത്തെ ചെന്നൈയ്ക്ക് മുന്നിൽ 251 റൺസിൻ്റെ വിജയലക്ഷ്യമാണ് ആർസിബിയുടെ ചെമ്പട ഉയർത്തിയത്. ടിം ഡേവിഡിൻ്റെയും (25 പന്തിൽ 70), ദേവ്ദത്ത് പടിക്കലിൻ്റെയും (29 പന്തിൽ 50) തകർപ്പൻ ഫിഫ്റ്റികളുടെ കരുത്തിൽ ആർസിബി നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുത്തു.
ബെംഗളൂരുവിലെ എം. ചിന്നസ്വമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്‌ക്ക്‌വാദ് ആദ്യം ആതിഥേയരായ ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അവസാന ഓവറുകളിൽ ക്യാപ്റ്റൻ രജത് പടിദാറും (19 പന്തിൽ 48) ഡേവിഡിന് ഉറച്ച പിന്തുണയേകി.
ചെന്നൈ ബൗളർമാരിൽ എല്ലാവരും നല്ലോണം തല്ലുവാങ്ങിയപ്പോൾ, അൻഷുൽ കാംബോജും ജാമി ഓവർട്ടണും ശിവം ദുബെയും ഓരോ വീതം വിക്കറ്റെടുത്തു. ദേവ്ദത്ത് പടിക്കലിനെ (29 പന്തിൽ 50) ജാമി ഓവർട്ടണും, ഫിൽ സോൾട്ടിനെ (30 പന്തിൽ 46) ശിവം ദുബെയും വിരാട് കോഹ്ലിയെ (18 പന്തിൽ 28) അൻഷുൽ കാംബോജും പുറത്താക്കി.
ഇന്നിങ്സിൻ്റെ തുടക്കത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ വിരാട് കോഹ്ലിയും ഫിൾ സോൾട്ടും ചേർന്ന് 37 റൺസെടുത്തു. സ്കോർ ബോർഡിൽ 93 റൺസ് പിറന്ന ശേഷമാണ് സോൾട്ട് പുറത്തായത്. 151 റൺസിലെത്തി നിൽക്കെയാണ് പടിക്കൽ പുറത്തായത്.