

സിഡ്‌നി: പരിക്കിനു ശേഷം ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം. സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയതിനും സുഖവിവരങ്ങള്‍ അന്വേഷിച്ചതിനും നന്ദിയുണ്ടെന്നും ശ്രേയസ് അയ്യര്‍ പ്രതികരിച്ചു.
ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെയാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. അലക്‌സ് ക്യാരിയെ പുറത്താക്കാന്‍ ക്യാച്ചെടുക്കുന്നതിനിടയിലായിരുന്നു അപകടം. പരിക്കേറ്റതിനെ തുടര്‍ന്ന് അയ്യരെ ടീം ഫിസിയോമാര്‍ ചേര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഡ്രസ്സിങ് റൂമില്‍ വെച്ച് അയ്യര്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്‌കാനിങ്ങില്‍ വാരിയെല്ലുകളുടെ അടിയില്‍ പ്ലീഹയില്‍ മുറിവേറ്റതായി കണ്ടെത്തിയിരുന്നു. കൂടുതല്‍ പരിചരണത്തിനായി സിഡ്‌നിയിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാരിയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു.
ഗുരുതര പരിക്കാണെങ്കിലും ശ്രേയസ് അയ്യര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയ വേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് ആവശ്യമില്ലെന്ന് ബിസിസിഐ അറിയിച്ചു.
അയ്യരുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ പൂര്‍ണ തൃപ്തരാണ്. ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാം. പരിക്ക് വളരെ ഗുരുതരമായിരുന്നെങ്കിലും ഇപ്പോള്‍ അപകടനില തരണം ചെയ്തു. അതുകൊണ്ടാണ് ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റാനായത്.