
മാഞ്ചസ്റ്റർ ടെസ്റ്റിൽ പൊരുതാനുറച്ച് ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ഏറ്റ തിരിച്ചടിക്ക് ശേഷം തിരിച്ചു വന്ന ഇന്ത്യ സമനില നേടാനായിരിക്കും അവസാന ദിനമായ ഇന്ന് ഇറങ്ങുക. അർധ സെഞ്ച്വറിമായി ശുഭ്മാന്‍ ഗില്ലും (78), കെ.എല്‍. രാഹുലുമാണ് (87) ക്രീസിൽ. മത്സരം ഉച്ചയ്ക്ക് മൂന്നരയ്ക്ക് പുനഃരാരംഭിക്കും.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യക്ക് ജീവന്മരണ പോരാട്ടമാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കണം. ഒപ്പം 90 ഓവർ പിടിച്ച് നിന്ന് സമനില കൈവിടാതെ കാക്കണം. അത്ഭുതങ്ങൾ സംഭവിച്ചാൽ ഇംഗ്ലണ്ടിനെ വീഴ്ത്തണം. ഓരോ പന്തിനും പൊന്നും വിലയുള്ള പോരാട്ടമാകും ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കുക.
ഒരു റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി തോൽവി മുന്നിൽ കണ്ടപ്പോൾ ഒന്നിച്ച കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ഇരുവരും അർധ സെഞ്ച്വറി നേടി കളംപിടിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ എത്തി.
നാലാം ദിനം ഏഴിന് 544 റൺസെന്ന നിലയിൽ ബാറ്റിങ്ങിനെത്തിയ ഇംഗ്ലണ്ട് 125 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ജോ റൂട്ടിൻ്റെ ഉജ്ജ്വല സെഞ്ച്വറിക്ക് പിന്നാലെ വാലറ്റത്തെ കൂട്ടുപിടിച്ച് നായകൻ ബെൻ സ്റ്റോക്സ് കൂടി തകർത്തടിച്ചതോടെ ഇംഗ്ലണ്ട് ഉയർത്തിയത് 311 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ബെൻ സ്റ്റോക്സ് 141 റൺസ് എടുത്താണ് പുറത്തായത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും, വാഷിങ്ടണ്‍ സുന്ദറും ജസ്പ്രീത് ബുമ്രയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സിൽ യശസ്വി ജയ്‌സ്വാളും സായ് സുദർശനും പൂജ്യത്തിന് പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കെ.എൽ. രാഹുൽ 87ഉം ഗിൽ 78ഉം റൺസ് എടുത്താണ് ക്രീസിൽ ഉള്ളത്. ആദ്യ രണ്ട് സെഷൻ ഇന്ത്യ അതിജീവിച്ചാൽ മത്സരം കൈവിടാതെ കാക്കാം. ഋഷഭ് പന്ത് ഇന്ന് കളിക്കാൻ ഇറങ്ങും എന്നാണ് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടക്ക് അറിയിച്ചത്. 137 റൺസ് പുറകിൽ ആയതിനാൽ ഗിൽ-രാഹുൽ കൂട്ടുകെട്ട് എത്രത്തോളം ക്രീസിൽ നിൽക്കുന്നു എന്നത് ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഭാവി. മത്സരം കൈവിട്ടാൽ ഇന്ത്യക്ക് പരമ്പരയും നഷ്ടമാകും.