

ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിക്കാനുണ്ടായ കാരണം വിശദീകരിച്ച് പാകിസ്ഥാന്‍ മുന്‍ ഹെഡ് കോച്ച് ജേസണ്‍ ഗില്ലസ്പി. എക്‌സില്‍ അഭിപ്രായം പറഞ്ഞതിനു പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടതെന്ന് ജേസണ്‍ ഗില്ലസ്പി പറഞ്ഞു.
ഐസിസി തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയെക്കുറിച്ചുള്ള ചോദ്യമാണ് ഗില്ലസ്പി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. "ഇന്ത്യക്ക് പുറത്ത് ബംഗ്ലാദേശിന് അവരുടെ മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല എന്നതിന് ഐസിസി എന്തെങ്കിലും വിശദീകരണം നല്‍കിയിട്ടുണ്ടോ" എന്നായിരുന്നു ഗില്ലസ്പി ഡിലീറ്റ് ചെയ്ത പോസ്റ്റില്‍ ചോദിച്ചത്. ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ഇന്ത്യ അറിയിച്ചപ്പോള്‍ അത് അംഗീകരിക്കപ്പെട്ടിരുന്നുവെന്നാണ് തന്റെ ഓര്‍മയെന്നും പോസ്റ്റില്‍ അദ്ദേഹം പറഞ്ഞിരുന്നു.
മത്സരങ്ങള്‍ മാറ്റുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്താണെന്നായിരുന്നു പോസ്റ്റില്‍ അദ്ദേഹം ഉദ്ദേശിച്ചത്. എന്നാല്‍ പോസ്റ്റിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ഗില്ലസ്പിക്കു നേരെ നടന്നത്. ഇതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പിന്നാലെ പോസ്റ്റ് എന്തിന് നീക്കം ചെയ്തു എന്നായി അന്വേഷണം.
ലളിതമായ ഒരു കാര്യം ചോദിച്ചതിന്റെ പേരില്‍ താന്‍ അധിക്ഷേപിക്കപ്പെട്ടുവെന്നായിരുന്നു ഗില്ലസ്പിയുടെ മറുപടി.
ടി20 ലോകകപ്പ് ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് ഐസിസി ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയത്. പകരം റാങ്കിങ് അനുസരിച്ച് സ്‌കോട്ട്‌ലന്റിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇന്ത്യയില്‍ കളിക്കാന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു ബംഗ്ലാദേശ് അറിയിച്ചിരുന്നത്. എന്നാല്‍, സുരക്ഷാ ഭീഷണി ഇല്ലെന്നായിരുന്നു ഐസിസിയുടെ വിലയിരുത്തല്‍. 'ടൂര്‍ണമെന്റ് ഷെഡ്യൂളിന്റെ കൃത്യത' കാത്തുസൂക്ഷിക്കുന്നതിനാണ് തീരുമാനമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.