

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ്. അടുത്ത സീസണിലേക്കുള്ള ലേലത്തില്‍ ഉണ്ടാകില്ലെന്ന് താരം വ്യക്തമാക്കി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) പങ്കെടുക്കാന്‍ വേണ്ടിയാണ് പിന്മാറ്റം.
ഐപിഎല്ലില്‍ 14 സീസണുകള്‍ കളിച്ചു, ഈ വര്‍ഷത്തെ ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം വളരെ വലുതാണെന്നും പിന്തിരിഞ്ഞു നോക്കുമ്പോള്‍ കൃതജ്ഞത മാത്രമേ ഉള്ളൂവെന്നും ഡു പ്ലെസിസ് പറഞ്ഞു.
തന്റെ കരിയറില്‍ ഐപിഎല്ലിന് വലിയ സ്ഥാനമുണ്ട്. ലോക നിലവാരമുള്ള താരങ്ങള്‍ക്കൊപ്പം കളിക്കാനായത് വലിയ അവസരമായി കാണുന്നു. മികച്ച ഫ്രാഞ്ചൈസികള്‍ക്കായി അഭിനിവേശമുള്ള ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനായി. ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്നെ രൂപപ്പെടുത്തിയ സൗഹൃദങ്ങളും പാഠങ്ങളും ഓര്‍മ്മകളും ഇന്ത്യ നല്‍കിയെന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഡു പ്ലെസിസ് പറഞ്ഞു.
ഐപിഎല്ലില്‍ 154 മത്സരങ്ങളില്‍ കളിച്ച താരമാണ് ഡു പ്ലെസിസ്. പതിനാല് വര്‍ഷം നീണ്ട കാലഘട്ടമാണ്. ഈ അധ്യായം എന്ത് അര്‍ത്ഥമാക്കി എന്നതില്‍ അഭിമാനമുണ്ട്. തന്റെ ഹൃദയത്തില്‍ ഇന്ത്യക്ക് പ്രത്യേക സ്ഥാനമുണ്ട്. ഇതൊരു യാത്ര പറച്ചിലല്ലെന്നും വീണ്ടും കാണാം എന്നും പറഞ്ഞാണ് ഡു പ്ലെസിസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഈ വര്‍ഷം പുതിയൊരു വെല്ലുവിളിയാണ് താന്‍ ഏറ്റെടുക്കുന്നത്. അടുത്ത പിഎസ്എല്‍ സീസണിന്റെ ഭാഗമാകും. പുതിയൊരു കാര്യം ചെയ്യുന്നതിന്റെ ആവേശമുണ്ട്. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ വളരാനും അവിശ്വസനീയമായ കഴിവുകളും ഊര്‍ജ്ജവും നിറഞ്ഞ ഒരു ലീഗ് സ്വീകരിക്കാനുമുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. പുതിയൊരു രാജ്യം, പുതിയ പരിസ്ഥിതി, പുതിയ വെല്ലുവിളി എന്നിവയ്‌ക്കൊപ്പം പാകിസ്ഥാന്റെ ആതിഥ്യമര്യാദയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി 202 റണ്‍സ് ഡു പ്ലെസിസ് നേടിയിരുന്നു. രണ്ട് മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനുമായി. പുതിയ സീസണിലേക്കുള്ള ലേലത്തിനു മുമ്പ് ഡു പ്ലെസിസിനെ ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്തിരുന്നു.
ഐപിഎല്ലിലെ വിദേശ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമാണ് ഡു പ്ലെസിസ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് എന്നീ ടീമുകള്‍ക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സിഎസ്‌കെ രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ഡു പ്ലെസിസും ടീമിന്റെ ഭാഗമായിരുന്നു.
ഇതിനു മുമ്പും ഡു പ്ലെസിസ് പിഎസ്എല്ലില്‍ കളിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഐപിഎല്ലും പിഎസ്എല്ലും ഏതാണ്ട് ഒരേ സമയത്താണ് നടക്കുന്നത്. ഐപിഎല്‍ മാര്‍ച്ച് മുതല്‍ മെയ് വരേയും പിഎസ്എല്‍ ഏപ്രില്‍ മുതല്‍ മെയ് വരെയുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.