
സിഡ്നി: താൻ സ്കിൻ കാൻസർ ബാധിതനായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ മൈക്കൽ ക്ലാർക്ക്. സമൂഹ മാധ്യമങ്ങളിലൂടെയാണ് താൻ അനുഭവിച്ച ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
ത്വക്കിനെ ബാധിക്കുന്ന അർബുദ രോഗമാണ് തനിക്ക് ബാധിച്ചതെന്നും മൂക്കിൽ നിന്നും അർബുദ ബാധിതമായ ഭാഗം അറുത്തുമാറ്റിയെന്നും ക്ലാർക്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഓസ്ട്രേലിയയ്ക്കൊപ്പം നിരവധി തവണ ലോക കിരീടം നേടിയ കംഗാരുപ്പടയുടെ മുൻകാല മധ്യനിര ബാറ്ററാണ് അദ്ദേഹം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൻ്റെ ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
"സ്‌കിൻ ക്യാൻസർ യഥാർത്ഥമാണ്, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിൽ. ഇന്ന് എന്റെ മൂക്കിൽ നിന്ന് മറ്റൊന്ന് കൂടി മുറിച്ചുമാറ്റി. ഈ പോസ്റ്റ് നിങ്ങളുടെ സ്‌കിൻ പരിശോധിക്കാനുള്ള ഒരു സൗഹൃദപരമായ ഓർമപ്പെടുത്തലാണ്. ഈ രോഗത്തിനെതിരെ പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്. പക്ഷേ എന്റെ കാര്യത്തിൽ, പതിവ് പരിശോധനകളും നേരത്തെയുള്ള കണ്ടെത്തലും ഏറെ നിർണായകമായിരുന്നു. അത് നേരത്തെ കണ്ടെത്തിയതിൽ ഡോ. ബിഷ് സോളിമാനോട് വളരെയധികം നന്ദിയുണ്ട്," ക്ലാർക്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2004നും 2015നും ഇടയിൽ ഓസീസ് ടീമിനായി 115 ടെസ്റ്റുകളും 245 ഏകദിനങ്ങളും 34 ടി20 മത്സരങ്ങളും മൈക്കൽ ക്ലാർക്ക് കളിച്ചിട്ടുണ്ട്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിലും ഓസ്‌ട്രേലിയയെ നയിച്ചു. 74 ടെസ്റ്റുകളിലും (47 വിജയങ്ങൾ, 16 തോൽവികൾ) 139 ഏകദിനങ്ങളിലും ക്ലാർക്ക് ഓസ്‌ട്രേലിയയെ നയിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2013-14 സീസണിൽ ഓസ്ട്രേലിയ ആഷസ് പരമ്പര 5-0ന് തിരിച്ചുപിടിച്ചിരുന്നു. 2015ൽ ലോകകപ്പ് നേടിയ ടീമിലും ഭാഗമായിരുന്നു. ആക്രമണാത്മക തന്ത്രങ്ങൾക്കും സ്ഥിരതയ്ക്കും പേരുകേട്ട നായകനായിരുന്ന ക്ലാർക്ക്. ഓസ്ട്രേലിയയ്ക്കായി കളിച്ച ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായും അദ്ദേഹം ചരിത്രത്തിൽ ഇടം നേടി.