തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീഴ്ത്തി തൃശൂർ ടൈറ്റന്‍സ്. അഞ്ച് വിക്കറ്റിനാണ് ടൈറ്റന്‍സിന്റെ ജയം. ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം അവസാനപന്തിലാണ് തൃശൂർ മറികടന്നത്. അർധ സെഞ്ച്വറിയുമായി കൊച്ചിക്കായി സഞ്ജു തിളങ്ങിയപ്പോള്‍ സീസണിലെ ആദ്യ ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് വീഴ്ത്തി കെ. അജിനാസ് ബ്ലൂ ടൈഗേഴ്സിനെ വിറപ്പിച്ചു.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ തൃശൂർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് മുന്നില്‍ തൃശൂർ ബൗളർമാർ ശരിക്കും വലഞ്ഞു. 46 പന്തില്‍ 89 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. നാല് ഫോറും ഒന്‍പ്ത് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. സഞ്ജുവിന് ഒപ്പം ഇറങ്ങിയ വി. മനോഹരന് തിളങ്ങാനായില്ല. വെറും അഞ്ച് റണ്‍സെടുത്ത് മനോഹരന്‍ പുറത്തായി. ആനന്ദ് ജോസഫിന്റെ പന്തില്‍ അക്ഷയ് മനോഹർ ക്യാച്ചെടുക്കുകയായിരുന്നു. പിന്നാലെയെത്തിയ മുഹമ്മദ് ഷാനു (24), നിഖില്‍ തോട്ടത്ത് (18), എന്നിവർക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ക്യാപ്റ്റന്‍ സാലി സാംസണും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ആറ് പന്തില്‍ 16 റണ്‍സെടുത്താണ് സാലി പുറത്തായത്.
18ാം ഓവറിലായിരുന്നു കൊച്ചിയെ ഞെട്ടിച്ച അജിനാസിന്റെ പ്രകടനം. ആദ്യ പന്തില്‍ കൊച്ചി നായകന്‍ സാലി സാംസണ്‍ അജിനാസിനെ സിക്‌സറടിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ സാലി വീണു. മൂന്നാം പന്തില്‍ ജെറിന്‍ പി.സിയും അടുത്ത പന്തില്‍ മുഹമ്മദ് ആഷിഖും അജിനാസിന് മുന്നില്‍ കീഴടങ്ങി. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് താരം അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
കൊച്ചി ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന തൃശൂരിന് അഹമ്മദ് ഇമ്രാന്‍ മികച്ച തുടക്കമാണ് നല്‍കിയത്. 49 പന്തുകള്‍ നേരിട്ട ഇമ്രാന്‍ 72 റണ്‍സ് നേടി. ഏഴ് ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. എന്നാല്‍ പിന്നാലെ എത്തിയവർക്ക് ആ മികച്ച തുടക്കം പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല. ആനന്ദ് കൃഷ്ണന്‍ (7), ഷോണ്‍ റോജര്‍ (8), വിഷ്ണു മേനോന്‍ (3) എന്നിവര്‍ തൃശൂരിന്റെ ആരാധകരെ നിരാശരാക്കി. 20 റണ്‍സെടുത്ത അക്ഷയ് മനോഹറാണ് ഇമ്രാന് പിന്തുണ നല്‍കിയത്. എന്നാല്‍ ജെറിന്റെ പന്തില്‍ ആഷിഖ് ക്യാച്ചെടുത്ത് ഇമ്രാന്‍ പുറത്തായതോടെ തൃശൂർ പ്രതിരോധത്തിലായി. സിജോമോന്‍ ജോസഫും അർജുന്‍ എ.കെയും ചേർന്ന് പടുത്തുയർത്തിയ കൂട്ടുകെട്ടാണ് തൃശൂരിനെ അവസാന പന്തില്‍ വിജയത്തിലേക്ക് എത്തിച്ചത്. സിജോമോന്‍ പുറത്താകാതെ 42 റണ്‍സെടുത്തു. അർജുന്‍ 31 റണ്‍സും. അഞ്ച് വിക്കറ്റ് നേടിയ അജിനാസാണ് കളിയിലെ താരം.