'ധോണിക്ക് രണ്ട് ഇഷ്ടക്കാരുണ്ടായിരുന്നു, അതായിരിക്കാം എന്നെ ഒഴിവാക്കിയത്'; മുന്‍ ഇന്ത്യന്‍ താരം

എന്നെങ്കിലും ധോണിയെ കണ്ടാല്‍, എന്തുകൊണ്ട് അവസരങ്ങള്‍ തന്നില്ലെന്ന് ഉറപ്പായും ചോദിക്കും
എംഎസ് ധോണിക്കൊപ്പം മനോജ് തിവാരി
എംഎസ് ധോണിക്കൊപ്പം മനോജ് തിവാരി Image: X
Published on

മുംബൈ: എം.എസ്. ധോണിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. സ്വജനപക്ഷപാതിയെന്ന ഗുരുതര ആരോപണമാണ് ധോണിക്കെതിരെ മനോജ് തിവാരി ഉന്നയിച്ചത്. ധോണി ക്യാപ്റ്റനായിരിക്കുമ്പോഴാണ് മനോജ് തിവാരി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തുന്നത്.

2008 ലാണ് ഇന്ത്യന്‍ ടീമില്‍ മനോജ് തിവാരി എത്തുന്നത്. ഇന്ത്യക്കു വേണ്ടി 12 ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാല്‍ കരിയറില്‍ ഒരിക്കല്‍ പോലും തനിക്ക് ധോണിയുടെ പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് തിവാരി പറയുന്നത്. രണ്ട് കളിക്കാരോടുള്ള ധോണിയുടെ പ്രത്യേക താത്പര്യവുമാണ് തന്റെ കരിയര്‍ തകരാനുള്ള പ്രധാന കാരണമെന്നും തിവാരി വിശ്വസിക്കുന്നു.

എംഎസ് ധോണിക്കൊപ്പം മനോജ് തിവാരി
അറിയാതെ സത്യം പറഞ്ഞുപോയോ? ടെസ്റ്റില്‍ നിന്നും വിരമിച്ചതിനെ കുറിച്ച് രോഹിത് ശര്‍മയുടെ തുറന്നു പറച്ചില്‍

2015 ല്‍ സിംബാവെയില്‍ നടന്ന ഏകദിനത്തിലാണ് തിവാരി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഈ സമയത്ത് അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്റെ കന്നി സെഞ്ച്വറി നേടി തിളങ്ങി നില്‍ക്കുന്ന അവസരത്തില്‍ ഇന്ത്യയുടെ ഏകദിന ഇലവനില്‍ തിവാരി ഇടംപിടിക്കാതിരുന്നത് അന്നും ചര്‍ച്ചയായിരുന്നു. ഇന്നും അതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.

ഈ ചോദ്യത്തിനുള്ള ഉത്തരം തന്റെ പക്കലില്ല, ധോണിക്കും പരിശീലകനായിരുന്ന ഡങ്കന്‍ ഫ്‌ളച്ചറിനും സെലക്ടര്‍മാര്‍ക്കും മാത്രമേ അതിന് ഉത്തരം നല്‍കാനാകൂവെന്നും തിവാരി പറഞ്ഞു. ക്രിക് ട്രാക്കറിനോടായിരുന്നു തിവാരിയുടെ പ്രതികരണം.

എംഎസ് ധോണിക്കൊപ്പം മനോജ് തിവാരി
ആശങ്കകള്‍ നീങ്ങി ഇന്ത്യന്‍ സൂപ്പർ ലീഗിന് തുടക്കമാകുന്നു? ഒക്ടോബറില്‍ നടക്കുമെന്ന് റിപ്പോർട്ടുകള്‍

എന്നെങ്കിലും ധോണിയെ കണ്ടാല്‍, എന്തുകൊണ്ട് അവസരങ്ങള്‍ തന്നില്ലെന്ന് ഉറപ്പായും ചോദിക്കും. ഇന്നും മാറ്റിനിര്‍ത്തിയതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. ആ സമയത്ത് തീരുമാനമെടുത്തവരാണ് അതിന് മറുപടി പറയേണ്ടത്. ധോണിയെ കുറിച്ച് മറ്റ് കളിക്കാര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. പക്ഷേ, താന്‍ പറയുന്നത് സ്വന്തം അനുഭവത്തില്‍ നിന്നാണ്.

ശരിക്കും അദ്ദേഹം സഹതാരങ്ങളെയെല്ലാം ഒരുപോലെ പിന്തുണച്ചിരുന്നെങ്കില്‍ മികച്ച പ്രകടനം നടത്തിയ തന്നെ ഉറപ്പായും പിന്തുണക്കേണ്ടതായിരുന്നു. ആ സമയത്ത് ശ്രീലങ്കയ്‌ക്കെതിരായുള്ള മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ താനും ഉണ്ടായിരുന്നു. നാല് വിക്കറ്റും 21 റണ്‍സും നേടി. അടുത്ത മത്സരത്തില്‍ 65 റണ്‍സ് നേടി. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ധോണിയില്‍ നിന്നും പ്രതീക്ഷിച്ചിച്ച പിന്തുണ തനിക്ക് ലഭിച്ചില്ല.

മികച്ച പ്രകടനമാണ് പ്ലെയിങ് ഇലവനില്‍ എത്താനുള്ള യോഗ്യതയെന്നാണ് താന്‍ വിശ്വസിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹം തന്നെ പിന്തുണച്ചില്ലെന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. എന്തായാലും സ്വന്തം കാര്യത്തില്‍ അതുണ്ടായിട്ടില്ല, മറ്റുള്ളവരുടെ കാര്യം തനിക്ക് പറയാനാകില്ല.

ധോണിക്ക് തന്നോട് താത്പര്യമുണ്ടായിരുന്നില്ലെന്നും തിവാരി പറഞ്ഞു. ധോണിക്ക് പ്രിയപ്പെട്ടവരായി ഒന്ന് രണ്ട് പേരുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. അവരെ അദ്ദേഹം നല്ല രീതിയില്‍ ആ സമയത്ത് സഹായിക്കുകയും ചെയ്തിരുന്നു. ഇത് പലര്‍ക്കും അറിയാം, ആരും മുന്നോട്ട് വന്ന് പറയില്ലെന്ന് മാത്രം. ക്രിക്കറ്റ് ലോകത്ത് ഇത്തരം താത്പര്യങ്ങളും താത്പര്യമില്ലായ്മയും ശക്തമായിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിന് തന്നോട്ട് താത്പര്യക്കുറവ് ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. ഒരുപക്ഷെ, എന്നെ ഇഷ്ടമല്ലായിരിക്കുമെന്നും മനോജ് തിവാരി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com