ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലതൊട്ടപ്പന്‍; മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് 44ാം പിറന്നാള്‍

പ്രത്യേകിച്ച് ഒരു ഗോഡ്ഫാദര്‍ ഇല്ലാതെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സിംഹാസനത്തിലേക്ക് ധോണി ഓടിക്കയറിയത്
മഹേന്ദ്ര സിംഗ് ധോണി
മഹേന്ദ്ര സിംഗ് ധോണി Source: REUTERS
Published on

ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് 44ാം പിറന്നാള്‍. ഐസിസിയുടെ എല്ലാ കിരീടവും നേടിയ ഏക നായകൻ എന്നതുൾപ്പെടെ സവിശേഷതകൾ ഏറെയാണ് ധോണിക്ക്. പ്രത്യേകിച്ച് ഒരു ഗോഡ്ഫാദര്‍ ഇല്ലാതെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സിംഹാസനത്തിലേക്ക് ധോണി ഓടിക്കയറിയത്.

"ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ", കമന്ററി ബോക്സിൽ നിന്ന് രവി ശാസ്ത്രി പറഞ്ഞ ഈ വാക്കുകൾ ഒരു ഇന്ത്യക്കാരനും മറക്കാൻ കഴിയില്ല. 28 വർഷത്തെ കാത്തിരിപ്പാണ്, 2011 ഏകദിന ലോകകപ്പിൽ സിക്സർ പറത്തിക്കൊണ്ട് ക്യാപ്റ്റൻ കൂൾ അവസാനിപ്പിച്ചത്. അതെ, ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍.

ഒരു ഇതിഹാസത്തിന് യോജിച്ച വിധം നാടകീയമായിരുന്നു മഹേന്ദ്ര സിംഗ് ധോണിയുടെ തുടക്കം. അരങ്ങേറ്റ മത്സരത്തിൽ റണ്‍ഔട്ടില്‍ പുറത്തായ ആ താരം ക്രിക്കറ്റ് സിംഹാസനങ്ങൾ ഒന്നൊന്നായി വെട്ടിപിടിക്കുന്നതാണ് പിന്നീട് ആരാധകർ കണ്ടത്. 2007ൽ യുവനിരയുമായി പ്രഥമ ട്വന്റി20 ലോകകിരീടം ഇന്ത്യയിലെത്തിച്ച് ധോണി എന്ന നായകന്‍ വലിയ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങാന്‍ കളി ആരാധകരോട് പറഞ്ഞു. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ധോണിയുടെ പവറില്‍ വിസ്മയിപ്പിക്കുന്ന വളർച്ച കൈവരിക്കുന്നതാണ് നമ്മള്‍ കണ്ടത്.

2009ൽ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാമതെത്തിച്ച നായകൻ, നീണ്ട കാത്തിരിപ്പിനൊടുവിൽ ഏകദിന ലോകകപ്പും നേടി തന്നു. അവിടെ തീരുന്നില്ല. ചാംപ്യൻസ് ട്രോഫി, ഏഷ്യാ കപ്പ് ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റിന് എംഎസ് എന്ന നായകന്‍ സമ്മാനിച്ചത് എണ്ണം പറഞ്ഞ വിജയങ്ങളാണ്. ഐസിസിയുടെ ഏകദിന, ട്വന്റി ട്വന്റി പതിറ്റാണ്ട് ടീമിൽ ഉൾപ്പെട്ട ധോണി. എട്ട് തവണ ഐസിസിയുടെ ഏകദിന ടീമിൽ ഇടം നേടി, 2008 ലും ഒമ്പതിലും ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരവും. ഏറ്റവും ഒടുവിൽ ഐസിസി ഹാൾ ഓഫ് ഫെയിം പുരസ്‌കാരത്തിനും ധോണി അർഹനായി.

മഹേന്ദ്ര സിംഗ് ധോണി
ചരിത്രം വഴി മാറി; എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ വിജയഗാഥ

മൈതാനത്തെ അസാമാന്യ കരുനീക്കങ്ങളും, സമ്മർദങ്ങളും ചിരി കൊണ്ട് നേരിട്ട ക്യാപ്റ്റൻ കൂൾ 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോൾ പതിനേഴായിരത്തിലധികം റൺസും, 829 സ്റ്റമ്പിങ്ങുകളും എണ്ണമറ്റ റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചിരുന്നു.

ഇന്ത്യൻ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച നായകൻ. മത്സരത്തിന്റെ അവസാനം വരെ ആരാധകരെ ടിവിക്ക് മുന്നിൽ പിടിച്ചിരുത്തിയ താരം. ധോണി ക്രീസിലുണ്ടെങ്കിൽ ജയിക്കുമെന്ന് ഉറപ്പിച്ച കാലം. ഒരു റണ്‍ഔട്ടില്‍ തുടങ്ങി മറ്റൊരു റണ്‍ഔട്ടില്‍ അവസാനിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍. ഇന്ത്യൻ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ ആരും മറക്കില്ല. ഒരു സിനിമാക്കഥ പോലെ ആരാധകരെ വിസ്‌മയിപ്പിക്കുന്നതായിരുന്നു ഇന്ത്യൻ ടീമിനൊപ്പം എംഎസിൻ്റെ യാത്ര.

പ്രവചനാതീതമായ തീരുമാനങ്ങള്‍ എടുക്കുന്ന നായകൻ കരിയറിന്റെ അവസാനത്തിലാണ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മഞ്ഞകുപ്പായത്തില്‍ ഏഴാം നമ്പറിൽ അടുത്ത സീസണിലും തല ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോ ധോണി ആരാധകരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com