
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ജയിക്കാൻ കാരണം പന്തിൽ കൃത്രിമം കാണിച്ചാണെന്ന ആരോപണവുമായി മുൻ പാക് താരം രംഗത്ത്. അവസാന ദിവസം നാല് വിക്കറ്റുകൾ കയ്യിലിരിക്കെ 35 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാൽ അവിശ്വസനീയമായി ഇന്ത്യൻ പേസർമാർ സന്ദർശകർക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
മുൻ പാകിസ്ഥാൻ താരമായ ഷബീർ അഹമ്മദ് ഖാനാണ് ഇന്ത്യൻ താരങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഗുരുതരമായ ആരോപണം ഉയർത്തിയിരിക്കുന്നത്. "എൻ്റെ നിഗമനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പന്തിൽ വാസലിൻ ക്രീം ഉപയോഗിച്ച് മിനുക്കിയിട്ടുണ്ട്. അതായത് 80 ഓവറുകൾക്ക് ശേഷവും പന്ത് പുതിയത് പോലെ തിളങ്ങുന്നത് കാണാനായി. അമ്പയർമാർ പന്ത് ലാബിൽ അയച്ച് പരിശോധിപ്പിക്കണം," ഷബീർ അഹമ്മദ് എക്സിൽ കുറിച്ചു.
എന്നാൽ ഇതുപോലുള്ള പണി കാണിച്ച് ശീലം പാക് താരങ്ങൾക്കാണെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ആരാധകർ പാക് വെറ്ററൻ താരത്തിന് മറുപടി നൽകിയത്. 2010ൽ ഏകദിന പരമ്പരയ്ക്കിടെ പന്തിൽ കടിക്കുന്ന ഷാഹിദ് അഫ്രീദിയുടെ ചിത്രമടക്കം കമൻ്റായി പങ്കുവെച്ചാണ് ആരാധകൻ പാക് താരത്തെ പരിഹസിച്ചത്.
ഇതേ ചോദ്യം വഖാർ യൂനിസിനോടും വസീം അക്രത്തോടും ചോദിക്കാമായിരുന്നില്ലേ എന്നാണ് മറ്റൊരാൾ ചോദിച്ചത്. "അവർക്ക് അസാധാരണമായ സ്വിങ് കിട്ടിയതിനെ കുറിച്ച് നിങ്ങൾക്കും അന്വേഷിക്കാമായിരുന്നില്ലേ? ആ പതിവ് തെറ്റിച്ചത് കൊണ്ടാണോ നിങ്ങൾക്ക് ഇപ്പോൾ കപ്പൊന്നും കിട്ടാത്തത്?," എന്നും ആരാധകൻ ചോദിച്ചു.