ഡൽഹി: 2025 ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരങ്ങൾക്കിടെ താരങ്ങൾ നടത്തിയ പ്രകോപനപരമായ പെരുമാറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 2025 ഏഷ്യാ കപ്പിനിടെ പഹൽഗാമിലെ ഇരകളേയും സൈനികരേയും പരാമർശിച്ചതിന് സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30% പിഴ ചുമത്തി.
അതേസമയം, ഇന്ത്യക്കെതിരായ മത്സരങ്ങളിൽ പ്രകോപനപരമായി പെരുമാറിയതിന് പാകിസ്ഥാൻ്റെ പേസ് ബൗളർ ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30% പിഴയും രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കും വിധിച്ചു. രണ്ട് വർഷത്തിനിടെ നാല് ഡീമെറിറ്റ് പോയിൻ്റുകൾ റൗഫിന് ലഭിച്ചതിനെ തുടർന്നാണ് നവംബറിലെ പാകിസ്ഥാൻ്റെ ഏകദിന മത്സരങ്ങളിൽ നിന്ന് വിലക്ക് നേരിട്ടത്.
ഐസിസി എലൈറ്റ് പാനലിലെ മാച്ച് റഫറിമാരാണ് വാദം കേട്ടത്. 2025ലെ ഏഷ്യാ കപ്പിൽ മൂന്ന് തവണയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയത്. ഇരുവശത്തു നിന്നും പ്രകോപനപരമായ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. പ്രകോപനം ഉണ്ടാക്കിയ ജസ്പ്രീത് ബുംറയ്ക്കും താക്കീത് നൽകിയിട്ടുണ്ട്.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിന് ശേഷം നായകൻ സൂര്യകുമാർ യാദവ് വിജയം ഇന്ത്യൻ സായുധ സേനയ്ക്ക് സമർപ്പിക്കുകയും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. പരാമർശത്തിന് ശേഷം ഇന്ത്യൻ നായകനെതിരെ പാകിസ്ഥാൻ ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.21 ലംഘിച്ചതിന് സൂര്യകുമാർ യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇത് ക്രിക്കറ്റിന് കളങ്കം വരുത്തുന്ന പെരുമാറ്റവുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിൻ്റുകളും ലഭിച്ചു.
പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫിന് കടുത്ത ശിക്ഷ നേരിടേണ്ടി വന്നപ്പോൾ, ഗൺ സെലിബ്രേഷൻ നടത്തിയ സഹതാരം സാഹിബ്‌സാദ ഫർഹാന് ഐസിസി മുന്നറിയിപ്പ് മാത്രമാണ് നൽകിയത്. "ഫർഹാന് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. ഒപ്പം ഒരു ഡീമെറിറ്റ് പോയിൻ്റും ചുമത്തി," ഐസിസി അറിയിച്ചു.
സൂപ്പർ ഫോർ മത്സരത്തിനിടെയാണ് ഫർഹാൻ വിവാദമായ ആഘോഷം നടത്തിയത്. ഹാരിസ് ഇന്ത്യൻ ആരാധകർക്ക് നേരെ വിവാദമായ '6-0' ആംഗ്യം കാണിക്കുകയും സൂപ്പർ ഫോർ മത്സരത്തിനിടെ വായുവിൽ നിന്ന് വീഴുന്ന വിമാനം അനുകരിക്കുകയും ചെയ്തിരുന്നു.