

മുംബൈ: ഇന്ത്യയുടെ കന്നി വനിതാ ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെ ടീമിലെ സൂപ്പർ താരങ്ങൾക്ക് ഇത് ശുക്രദശയാണ്. സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ പരസ്യ ബ്രാൻഡുകളിൽ നിന്ന് ഈടാക്കുന്ന തുകയുടെ കാര്യത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരസ്യ വരുമാനത്തുകയിൽ 25% മുതൽ 100% വരെ വർധനവുണ്ടായിട്ടുണ്ട്.
ഇക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ട് പ്രകാരം, ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ, ഷഫാലി വർമ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് ഫോളോവേഴ്‌സിൻ്റെ പ്രവാഹമാണുള്ളത്. ചിലരുടെ ഫോളോവേഴ്സ് മുമ്പത്തെ അപേക്ഷിച്ച് ഇരട്ടിയായോ മൂന്നിരട്ടിയായോ ഒക്കെ വർധിച്ചിട്ടുണ്ട്.
ഇതോടെ പരസ്യം നൽകാൻ തയ്യാറെടുക്കുന്ന വൻകിട കമ്പനികളെല്ലാം ഇന്ത്യൻ വനിതാ താരങ്ങളുടെ പിന്നാലെയാണ്. പുതിയ കരാറിന് പുറമെ നിലവിലെ പരസ്യ കരാറുകളിലെ തുകയും പരസ്യ കമ്പനികൾ 25 മുതൽ 30 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ടെന്ന് ബേസ്‌ലൈൻ വെഞ്ച്വേഴ്‌സിൻ്റെ മാനേജിങ് ഡയറക്ടർ തുഹിൻ മിശ്ര പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലിൽ 127 റൺസ് നേടി ഇന്ത്യയെ ജയത്തിലെത്തിച്ച ജെമീമ റോഡ്രിഗസിൻ്റെ ബ്രാൻഡ് മൂല്യം 100% വർധിച്ചതായാണ് റിപ്പോർട്ടുകൾ. "ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരം പൂർത്തിയായ ഉടൻ തന്നെ ഞങ്ങൾക്ക് അഭ്യർത്ഥനകൾ നിറഞ്ഞു. 10-12 ബ്രാൻഡുകളുമായി ഞങ്ങൾ സംഭാഷണത്തിലാണ്," ജെമീമയെ കൈകാര്യം ചെയ്യുന്ന ഏജൻസിയായ ജെ.എസ്.ഡബ്ല്യു സ്പോർട്സിലെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ കരൺ യാദവ് പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ ക്രിക്കറ്റ് താരമായ, 25കാരിയായ സ്മൃതി മന്ദാന ഒരു ബ്രാൻഡിന് ഒന്നര മുതൽ രണ്ട് കോടി രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എച്ച്‌യുഎല്ലിൻ്റെ റെക്‌സോണ ഡിയോഡറൻ്റ്, നൈക്ക്, ഹ്യുണ്ടായ്, ഹെർബലൈഫ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഗൾഫ് ഓയിൽ, പിഎൻബി മെറ്റ്‌ലൈഫ് ഇൻഷൂറൻസ് എന്നിവ ഉൾപ്പെടെ 16 ബ്രാൻഡുകളുടെ അംബാസഡറാണ് സ്മൃതി.
ഹർമൻപ്രീത് കൗർ, ദീപ്തി ശർമ, റിച്ച ഘോഷ് എന്നിവരെ സ്പോൺസർ ചെയ്യുന്ന പ്യൂമ കിരീടനേട്ടത്തിന് പിന്നാലെ താരങ്ങൾക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിന്തുണയോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് സമീപകാലത്തായി മികച്ച നേട്ടങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സ്വന്തമാക്കുന്നത്.