"അവര്‍ അങ്ങനെ തീരുമാനിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും"; കെകെആറില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ബംഗ്ലാദേശ് താരം

മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ നിന്ന് റിലീസ് ചെയ്യണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു
മുസ്തഫിസുര്‍ റഹ്‌മാന്‍
മുസ്തഫിസുര്‍ റഹ്‌മാന്‍ Image: X
Published on
Updated on

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെടുത്തതിന്റെ പേരിലുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍. ബിജെപി നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ നിന്ന് റിലീസ് ചെയ്യണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

അവര്‍ അങ്ങനെ ചെയ്താല്‍ തനിക്കെന്ത് ചെയ്യാന്‍ പറ്റും എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ബിഡി ക്രിക് ടൈമിനോടാണ് ബംഗ്ലാദേശ് താരം പ്രതികരിച്ചത്. റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ മുസ്തഫിസുര്‍ നിരാശനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുസ്തഫിസുര്‍ റഹ്‌മാന്‍
വിവാദങ്ങളിൽ മുട്ടുമടക്കി ബിസിസിഐ; മുസ്തഫിസുര്‍ റഹ്‌മാനെ പിന്‍വലിക്കാന്‍ കെകെആറിനോട് ആവശ്യപ്പെട്ടെന്ന് ദേവജിത്ത് സൈകിയ

ബംഗ്ലാദേശ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാനെതിരെ ആക്രമണവുമായി ബിജെപിയും ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ഒഴിവാക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്.

കഴിഞ്ഞ മാസം നടന്ന താര ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള കടുത്ത ലേല പോരാട്ടത്തിന് ശേഷമാണ് 30 കാരനായ ഇടംകൈയ്യന്‍ ബൗളറെ 9.20 കോടി രൂപയ്ക്ക് കെകെആര്‍ സ്വന്തമാക്കിയത്. രണ്ട് കോടി രൂപയായിരുന്നു മുസ്തഫിസുര്‍ റഹ്‌മാന്റെ അടിസ്ഥാന വില.

മുസ്തഫിസുര്‍ റഹ്‌മാന്‍
മുസ്തഫിസുര്‍ റഹ്‌മാന്‍ കെകെആറില്‍, ഷാരൂഖിനെ ദേശദ്രോഹിയാക്കി ബിജെപി; നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭയും

മാര്‍ച്ച് 26 ന് ആരംഭിക്കുന്ന മത്സരത്തിലേക്ക് ആവശ്യമെങ്കില്‍ പകരക്കാരനെ നിയമിക്കാന്‍ കെകെആറിന് അനുവാദമുണ്ടെന്നും ബിസിസിഐ അറിയിച്ചിരുന്നു. ടി20 ക്രിക്കറ്റില്‍ 400 വിക്കറ്റുകളില്‍ കൂടുതല്‍ നേടിയ ആദ്യ ബംഗ്ലദേശ് താരമാണ് മുസ്തഫിസുര്‍.

താരത്തെ ടീമിലെടുത്ത ഷാരൂഖ് ഖാന്‍ ദേശദ്രോഹിയാണെന്നും കൊല്‍ക്കത്തയില്‍ പ്രവേശിപ്പിക്കില്ലെന്നുമായിരുന്നു ഹിന്ദു മഹാസഭയുടെ വെല്ലുവിളി. ഷാരൂഖിന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്നു വരെ ഹിന്ദു മഹാസഭാ നേതാവ് മീര റാത്തോര്‍ പറഞ്ഞു.

നേരത്തെ ബിജെപി നേതാവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുന്‍ എംഎല്‍എയുമായ സംഗീത് സോമും ഷാരൂഖിനെതിരെ രംഗത്തെത്തിയിരുന്നു. ഷാരൂഖിനെ ദേശദ്രോഹിയെന്ന് വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. മീററ്റില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഷാരൂഖിനെതിരെയുള്ള വിദ്വേഷ പരാമര്‍ശം.

ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഇവിടെ ഐപിഎല്ലിലേക്ക് ക്രിക്കറ്റ് താരങ്ങളെ ലേലത്തിലെടുക്കുന്നു. ദേശദ്രോഹിയായ ഷാരൂഖ് ഖാന്‍ ബംഗ്ലാദേശി ക്രിക്കറ്ററെ ഒമ്പത് കോടി രൂപയ്ക്ക് ടീമിലെടുത്തിരിക്കുകയാണ് എന്നായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com