

അഹമ്മദാബാദ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടി20 മത്സരം ഇന്ന്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ടുനിൽക്കുകയാണ്. ഇന്ന് കൂടി ജയിച്ചാൽ ഇന്ത്യക്ക് പരമ്പരയിൽ ജയമുറപ്പിക്കാം. രാത്രി ഏഴ് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് റിപ്പോർട്ട്.
ലഖ്‌നൗവിൽ നടന്ന നാലാം ടി20 കനത്ത മൂടൽമഞ്ഞിന് പിന്നാലെ ഉപേക്ഷിച്ചിരുന്നു. മൂന്നര മണിക്കൂറോളം കാത്തിരുന്നിട്ടും ഗ്രൌണ്ടിലെ കാഴ്ചയ്ക്ക് തടസം നേരിടുന്ന സാഹചര്യത്തിന് മാറ്റം ഉണ്ടാകാതെ വന്നപ്പോഴാണ് മത്സരം ഉപേക്ഷിക്കുന്നതായി ഫീൽഡ് അമ്പയർമാർ അറിയിച്ചത്.
ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫോമിലേക്ക് ഉയരുമോ എന്നതാണ് ടീമിനെ നിലവിൽ ആശങ്കപ്പെടുത്തുന്ന പ്രധാന ഘടകം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫോം കണ്ടെത്താനാകാതെ പതറുകയാണ് സൂര്യ.
കാലിന് പരിക്കേറ്റ ശുഭ്മാൻ ഗിൽ വെള്ളിയാഴ്ച രാത്രി നടക്കുന്ന മത്സരം കളിച്ചേക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്യാനിറങ്ങുന്നത് മലയാളികളുടെ സൂപ്പർ താരം സഞ്ജു സാംസൺ ആയിരിക്കും.
അസുഖ ബാധിതനായ അക്സർ പട്ടേലിന് പകരം വരുൺ ചക്രവർത്തിയും കുൽദീപ് യാദവും ഒന്നിച്ച് ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടംപിടിക്കും. കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഇല്ലാതിരുന്ന ജസ്പ്രീത് ബുംറ ഇന്ന് തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കിൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഹർഷിത് റാണ പുറത്തിരിക്കേണ്ടി വരും.
പരമ്പരയിൽ 2-2ന് ഒപ്പമെത്താനും ഇന്ത്യൻ പര്യടനം അഭിമാനത്തോടെ മികച്ച രീതിയിൽ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് എയ്ഡൻ മാർക്രമും കൂട്ടരും നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുന്നത്. നേരത്തെ ടെസ്റ്റ് പരമ്പര 2-0ന് ജയിച്ച ടെംപ ബാവുമയും സംഘവും, ഏകദിന പരമ്പരയിൽ 2-1ന് തോൽവി വഴങ്ങിയിരുന്നു.
അതേസമയം, കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ നിർണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല. ഡിസംബർ 15 മുതൽ ജനുവരി 15 വരെ വടക്കേ ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ വേദികളെ കുറിച്ച് പുനരവലോകനം നടത്തുമെന്നാണ് ബിസിസിഐ ഉപാധ്യക്ഷൻ അറിയിച്ചിരിക്കുന്നത്.
"മൂടൽമഞ്ഞ് കാരണം മത്സരം റദ്ദാക്കേണ്ടി വന്നു. ജനങ്ങൾ അതിൽ അസ്വസ്ഥരായിരുന്നു. ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള ഉത്തരേന്ത്യയിലെ മത്സരങ്ങൾ ദക്ഷിണേന്ത്യയിലേക്ക് മാറ്റണോ അതോ പശ്ചിമ ഇന്ത്യയിലേക്ക് മാറ്റണോ എന്ന് തീരുമാനിക്കാൻ ഞങ്ങൾ മാച്ച് ഷെഡ്യൂൾ പുനഃപരിശോധിക്കേണ്ടതുണ്ട്. കനത്ത മൂടൽമഞ്ഞ് ആഭ്യന്തര മത്സരങ്ങളെയും ബാധിക്കുന്നുണ്ട്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്," ശുക്ല എഎൻഐയോട് പറഞ്ഞു.
ലഖ്‌നൗവിൽ ബുധനാഴ്ച വായു ഗുണനിലവാര സൂചിക അപകടകരമായ ശ്രേണിയിൽ 400ന് മുകളിലായാണ് ഉണ്ടായിരുന്നത്. ഇത് കളിക്കാരുടെ ആരോഗ്യത്തോടുള്ള ബിസിസിഐയുടെ പ്രതിബദ്ധതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പരിശീലനത്തിനിടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ സർജിക്കൽ മാസ്ക് ധരിച്ചാണ് ഗ്രൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.
ലഖ്‌നൗവിൽ മത്സരം നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചോദ്യം ചെയ്തു. "ബിസിസിഐ... ലഖ്‌നൗവിൽ ആരാണ് മത്സരം സംഘടിപ്പിച്ചത്? നിങ്ങൾക്ക് അൽപ്പം പോലും നാണമില്ലേ" ആരാധകരിൽ ഒരാൾ എക്സിൽ കുറിച്ചു.
"ലഖ്‌നൗവിലെ മൂടൽമഞ്ഞ് ആരെയും രക്ഷിക്കാറില്ല. ബിസിസിഐയുടെ മൗനം ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്," മറ്റൊരാൾ കുറിച്ചു.
പുകപോലത്തെ മഞ്ഞ് മൂടിയ ഗ്രൗണ്ടിൻ്റെ ചിത്രം പങ്കുവച്ച് "ക്രിക്കറ്റ് താരങ്ങൾ ഇവിടെ കളിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നുണ്ടോ" എന്ന് മറ്റൊരു ആരാധകനും ചോദിച്ചു.