

ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. 301 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരോവർ ബാക്കി നിൽക്കെയാണ് നാലു വിക്കറ്റ് ജയം സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടേയും ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിൻ്റേയും തകർപ്പൻ പ്രകടനത്തോടൊപ്പം ശ്രേയസ് അയ്യർ, കെ.എൽ, രാഹുൽ, ഹർഷിത് റാണ, രോഹിത് ശർമ എന്നിവരുടെ മികവും ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 5- ഓവറിൽ 300 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയും ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. 29 പന്തിൽ 26 റൺസെടുത്ത് രോഹിത് ശർമ്മ പുറത്തായെങ്കിലും പിന്നീട് ബാറ്റിംഗിനിറങ്ങിയ വിരാട് കോഹ്ലി- ഗിൽ കൂട്ടുകെട്ട് സ്കോർ 100 കടത്തി. 56 റൺസിൽ ഗിൽ പുറത്തായതോടെ ശ്രേയസ് അയ്യർ കോഹ്ലിയുടെ കൂട്ടിനെത്തി. സെഞ്ച്വറിക്ക് തൊട്ടരികെ 93 റൺസിലാണ് കോഹ്ലിയ്ക്ക് കാലിടറിയത്. 49 റൺസ് നേടിയ ശ്രേയസ് അയ്യർക്ക് പിന്നാലെ 29 റൺസോടെ ഹർഷിത് റാണയും, പുറത്താകാതെ നിന്ന രാഹുലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനുവേണ്ടി ജമീസൺ നാലും ആദിത്യ അശോകും ക്രിസ്റ്റ്യൻ ക്ലാർക്കുമാണ് ഓരോ വിക്കറ്റ് വീതം വീഴ്ത്തിയത്. ഡാരിൽ മിച്ചൽ(85 റൺസ്), ഹെൻ റി നിക്കോൾസ് (62 റൺസ്), ഡെവൻ കോൺവെ (56 റൺസ്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ന്യൂസിലൻഡ് 300ൽ എത്തിയത്.