
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് നേടി. സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്ലും, ജഡേജയുമാണ് ക്രീസില്‍. രണ്ടാം ദിനം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കും.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ കരകയറ്റിത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിംഗ്‌സാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. രണ്ട് റണ്‍സുമായി കെ എല്‍ രാഹുല്‍ പുറത്ത്. പിന്നീട് ജയ്സ്വാളും കരുണ്‍ നായരും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് രക്ഷപ്പെടുത്താന്‍ ശ്രമം. എന്നാല്‍ ബ്രൈഡന്‍ കാര്‍സ് കരുണിനെ പുറത്താക്കി ഇന്ത്യക്ക് മേല്‍ ഇംഗ്ലണ്ട് അധ്യപത്യം ഉറപ്പിച്ചു. സെഞ്ചുറി നേടാന്‍ 13 റണ്‍സ് ബാക്കി നില്‍ക്കേ ജയ്‌സ്വാളും പുറത്തായി. 107 പന്തില്‍ 87 റണ്‍സ് എടുത്താണ് ജയ്‌സ്വാള്‍ പുറത്തായത്.
ഋഷഭ് പന്തും നായകന്‍ ഗില്ലും ജാഗരൂകരായാണ് പിന്നീട് ബാറ്റേന്തിയത്. സ്‌കോര്‍ 208 ല്‍ നില്‍ക്കേ പന്ത് പുറത്ത്. തൊട്ടുപിന്നാലെ ഷാര്‍ദുലിന് പകരമെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും മടങ്ങി.
നിതീഷിന് പിന്നാലെ വന്ന ജഡേജയെ കൂട്ടുപിടിച്ചുള്ള ഗില്ലിന്റെ പ്രതിരോധം സ്‌കോര്‍ 300 കടത്തി. ഇരുവരും ചേര്‍ന്ന് പടത്തുയര്‍ത്തിയത് 99 റണ്‍സിന്റെ കൂട്ടുക്കെട്ട് അതിനിടെ നായകന് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം സെഞ്ച്വറി. പ്രതിരോധത്തില്‍ ഊന്നിയാണ് ആദ്യ ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്.
ബാറ്റിങ്ങിനും ബോളിങ്ങിനും ഒരേ പോലെ പ്രാധാന്യം നല്‍കിയാണ് ഇന്ത്യ ടീമിനെ കളത്തില്‍ ഇറക്കിയത്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ആകാശ് ദീപ് ടീമിലെത്തി. രണ്ടാം ദിനം കൂറ്റന്‍ സ്‌കോറിലെത്താനാണ് ഇന്ത്യയുടെ പദ്ധതി. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ വെയ്ന്‍ ലാര്‍ക്കിന്‍സിന്റെ വിയോഗത്തില്‍ അനുശോചിച്ച് ഇരു ടീമുകളും കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് എഡ്ജ്ബാസ്റ്റണില്‍ ആദ്യ ദിനം കളത്തിലിറങ്ങിയത്.