

വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിര ഇംഗ്ലണ്ടിന് നാല് റണ്‍സ് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം ഇന്ത്യയ്ക്ക് മറികടക്കാനായില്ല. ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് മാത്രമാണ് നേടാനായത്. വിജയിച്ചതോടെ ഇംഗ്ലണ്ട് സെമി ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടി. മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. റ്റാമി ബ്യൂമോണ്ട്- എമി ജോണ്‍സ് സഖ്യം 73 റണ്‍സ് എടുത്തു. സെഞ്ചുറി നേടിയ ഹെതര്‍ നൈറ്റ് (109 റണ്‍സ്), അര്‍ധ സെഞ്ചുറി നേടിയ എമി ജോണ്‍സ് (56) എന്നിവരാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 91 പന്തിലാണ് ഹെതര്‍ സെഞ്ചുറി നേടിയത്. എമി ജോണ്‍സ് 68 പന്തില്‍ ആണ് 56 റണ്‍സ് നേടിയത്.
16ാം ഓവറിലാണ് റ്റാമിയെ ദീപ്തി ശര്‍മയുടെ വിക്കറ്റിലൂടെ പുറത്താക്കിയത്. ഹെതര്‍ നൈറ്റ്- നാറ്റ് സ്‌കൈവര്‍ സഖ്യം ഇംഗ്ലണ്ടിനെ വീണ്ടും മികച്ച സ്‌കോറിലേക്ക് എത്തിച്ചു. ഇരുവരും ചേര്‍ന്ന് 113 റണ്‍സ് ആണ് നേടിയത്. 38 റണ്‍സ് ആണ് ക്യാപ്റ്റന്‍ കൂടിയായ നാറ്റ് സ്‌കൈവര്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രതിക റാവല്‍ സ്മൃതി മന്ദാന കൂട്ടുകെട്ടില്‍ കാര്യമായ പ്രതീക്ഷ ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ആറ് റണ്‍സ് മാത്രമെടുത്ത് പ്രതിക റാവല്‍ പുറത്തായി. സ്മൃതി മന്ദാന ഹര്‍ലീന്‍ ഡിയോളും ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 31 പന്തില്‍ 24 റണ്‍സ് മാത്രമാണ് ഹര്‍ലീന് നേടാനായത്. 94 പന്തില്‍ 88 റണ്‍സ് എടുത്ത സ്മൃതി ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചു.
സ്മൃതി മന്ദാന (88)യും ഹര്‍മന്‍പ്രീത് കൗര്‍ (70), ദീപ്തി ശര്‍മ (50) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. എന്നാല്‍ പിന്നീട് ഇറങ്ങിയ റിച്ച ഘോഷിന് ഇംഗ്ലണ്ടിന്റെ ബൗളിങ്ങില്‍ പിടിച്ചു നില്‍ക്കാനായില്ല. അമന്‍ജോത് കൗറും സ്‌നേഹ് റാണയും പുറത്താകാതെ നിന്നെങ്കിലും നാല് റണ്‍സ് ബാക്കി നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഈ മത്സരം നിര്‍ണായകമായിരുന്നു.