

കാൻബെറ: കാൻബെറയിൽ ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ടി20 മത്സരം മഴമൂലം ഉപേക്ഷിച്ചു. ശക്തമായ മഴ രണ്ട് തവണയാണ് കളിയിൽ വില്ലനായത്. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തു നിൽക്കെ വീണ്ടും കനത്ത തോതിൽ മഴ പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യക്കായി അഭിഷേക് ശർമ (14 പന്തിൽ 19), ശുഭ്മാൻ ഗിൽ (20 പന്തിൽ 37), സൂര്യകുമാർ യാദവ് (24 പന്തിൽ 39) എന്നിവരാണ് ബാറ്റ് ചെയ്യാനെത്തിയത്. ഓസ്ട്രേലിയക്കായി നഥാൻ എല്ലിസ് ഒരു വിക്കറ്റെടുത്തു. ഓസീസ് ബൗളർമാരെല്ലാം നല്ലോണം തല്ലുവാങ്ങി.
ഒക്ടോബർ 31ന് വെള്ളിയാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അടുത്ത മത്സരം നടക്കുക. ഉച്ചയ്ക്ക് 1.45നാണ് മത്സരം ആരംഭിക്കുക. ഏകദേശം ഒരു ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാവുന്ന ലോകത്തെ ഏറ്റവും വലിയ ഗ്രൗണ്ടുകളിൽ ഒന്നാണിത്. മൂന്നാം ടി20 ഹൊബാർട്ടിലെ ബെലെറിവ് ഓവൽ എന്ന നിഞ്ച സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുക. നവംബർ രണ്ടിന് ഉച്ചയ്ക്ക് 1.45നാണ് മത്സരം ആരംഭിക്കുക.