

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാം മത്സരത്തിൽ കംഗാരുപ്പടയ്ക്ക് മുന്നിൽ 265 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി നീലപ്പട. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 264 റൺസെടുത്തത്. ഒരു ഘട്ടത്തിൽ 17/ 2 എന്ന നിലയിൽ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയെ രോഹിത് ശർമയുടെയും (73) ശ്രേയസ് അയ്യരുടെയും (61) ഫിഫ്റ്റികളാണ് കരകയറ്റിയത്.
അക്സർ പട്ടേൽ (44), ഹർഷിത് റാണ (24) എന്നിവരും നിർണായക സംഭാവനകൾ നൽകി. ഓസീസിനായി ആദം സാംപ നാലും, സേവ്യർ ബാർട്ട്‌ലെറ്റ് മൂന്നും, മിച്ചെൽ സ്റ്റാർക്ക് രണ്ടും വിക്കറ്റെടുത്തു.
അഡ്‌ലെയ്ഡ് ഓവലിൽ ടോസ് നേടിയ ഓസീസ് നായകൻ മിച്ചെൽ മാർഷ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ ശ്രേയസ് അയ്യരെയും (9) വിരാട് കോഹ്‌ലിയേയും (0) പുറത്താക്കിയ സേവ്യർ ബാർട്ട്‌ലെറ്റ് ഇന്ത്യയെ വിറപ്പിച്ചിരുന്നു. ഓസീസ് ബൗളർമാരെല്ലാം കണിശതയോടെ പന്തെറിയുകയും ഫീൽഡർമാർ മികവിനൊത്ത് ഉയരുകയും ചെയ്തതോടെ ഇന്ത്യൻ ടീം റൺസ് കണ്ടെത്താൻ നന്നേ വിഷമിച്ചു.
പരമ്പരയിൽ ജയത്തോടെ കംഗാരുപ്പടയ്‌ക്കൊപ്പം സമനില പിടിക്കുകയാണ് ഗില്ലിനും സംഘത്തിനും ഇന്നത്തെ പ്രധാന ദൗത്യം. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ ബാറ്റർമാർക്ക് ഇന്നും ഓസീസിലെ പേസും ബൗൺസും ലഭിക്കുന്ന പിച്ചുകളിൽ എങ്ങനെ പിടിച്ചുനിൽക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കും മത്സര ഫലം.
മഴ നിയമത്തെ കുറ്റം പറയാനാകില്ലെങ്കിലും ഇന്ത്യ ഏഴ് വിക്കറ്റിന് മത്സരം തോറ്റിരുന്നു. ഏഴ് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ഇന്നത്തെ മത്സരത്തിൽ തിളങ്ങേണ്ടത് അഭിമാന പ്രശ്നമാണ്.
ഇരുവരും 2027 വരെയെങ്കിലും ഇന്ത്യൻ ടീമിൽ തുടരുമെന്ന റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇരുവർക്കും അടുത്ത ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഇടം പിടിക്കണമെങ്കിൽ പ്രായം കീഴ്‌പ്പെടുത്തിയിട്ടില്ലെന്ന് തെളിയിക്കേണ്ടി വരും.
ആദ്യം ബാറ്റ് ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും മഴ പെയ്യുമെന്ന് ഭയമുണ്ടെന്നും ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞു. ബാറ്റിങ്ങിൽ തുടക്കം ഒരിക്കലും എളുപ്പമല്ല. ഇന്ന് കാലാവസ്ഥ നന്നായി കാണപ്പെടുന്നുണ്ട്. ഇന്ന് തടസങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യം ബാറ്റ് ചെയ്താൽ ബോർഡിൽ ധാരാളം റൺസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൗളിങ്ങിൽ കുറച്ച് മൂവ്മെൻ്റ്സ് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഗിൽ പറഞ്ഞു. ആദ്യ മത്സരത്തിലെ അതേ ടീമിനെ ഇന്നും നിലനിർത്തി.
കാലാവസ്ഥ അനുകൂലമോ?
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം നടക്കുന്ന അഡ്‌ലെയ്ഡ് ഓവലിലെ ഗ്രൗണ്ടിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.