കീവീസുകാർക്ക് പിന്നാലെ ഇന്ത്യയുടെ ഹോം ഗ്രൗണ്ട് ലെഗസി തകർത്ത് പ്രോട്ടീസ് പട; ധീര നായകനായി ടെംപ ബാവുമ

റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് പരാജയമാണിത്.
India lost 2nd test against south africa
Published on
Updated on

ഗുവാഹത്തി: 25 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയില്‍ വീണ്ടും ടെസ്റ്റ് പരമ്പര ജയിച്ച് ഇന്ത്യയുടെ ഹോം ഗ്രൗണ്ട് ലെഗസിക്ക് കനത്ത തിരിച്ചടിയേകി ടെംപ ബാവുമയുടെ ദക്ഷിണാഫ്രിക്ക. 2000ല്‍ ഹാന്‍സി ക്രോണിയയുടെ ക്യാപ്റ്റൻസിയിലുള്ള ദക്ഷിണാഫ്രിക്കൻ സംഘത്തിന് ശേഷം ഇപ്പോഴാണ് ടെംബ ബാവുമയും സംഘവും ചരിത്രനേട്ടം കൈവരിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 408 റണ്‍സിൻ്റെ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയത്. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് പരാജയമാണിത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക- 489, 260/5 ഡിക്ലയര്‍. ഇന്ത്യ- 201, 140.

ക്യാപ്റ്റനായി ആദ്യ 12 ടെസ്റ്റുകളില്‍ പതിനൊന്നിലും ജയിക്കുന്ന ലോകത്തെ ആദ്യ താരമാണ് ടെംപ ബാവുമ. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഹോം ടെസ്റ്റ് പരമ്പര നഷ്ടമാവുന്നത് നാല് പതിറ്റാണ്ടിന് ശേഷമാണ്. റണ്‍സ് അടിസ്ഥാനപ്പെടുത്തി വിദേശത്തും സ്വന്തം നാട്ടിലും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ടെസ്റ്റ് തോല്‍വിയാണിത്.

India lost 2nd test against south africa
പരിശീലകനായി തുടരാന്‍ അര്‍ഹനാണോ? തീരുമാനിക്കേണ്ടത് ബിസിസിഐ എന്ന് ഗൗതം ഗംഭീര്‍

കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 30 റണ്‍സിന് തോറ്റിരുന്നു. 2004ല്‍ നാഗ്പൂരില്‍ ഓസ്‌ട്രേലിയയോട് 342 റണ്‍സിന് തോറ്റതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള വലിയ ടെസ്റ്റ് റണ്‍സ് തോല്‍വി. ഇന്ത്യ കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര 3-0ന് തോറ്റിരുന്നു.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ സൈമണ്‍ ഹാര്‍മര്‍ ആറ് വിക്കറ്റ് വീഴ്ത്തി. താരം ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു. പരമ്പരയില്‍ 17 വിക്കറ്റുകള്‍ നേടിയ സൈമണ്‍ ഹാര്‍മര്‍ പ്ലേയര്‍ ഓഫ് ദി സീരീസായി. ഇന്ത്യയില്‍ നാല് ടെസ്റ്റുകള്‍ കളിച്ച ഹാര്‍മറിന് ഇതോടെ 27 വിക്കറ്റുകളായി.

ഇന്ത്യയില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കന്‍ ബൗളറെന്ന ഡെയ്ല്‍ സ്റ്റെയ്‌നിൻ്റെ (16) റെക്കോർഡ് ഇതോടെ തകര്‍ന്നു. അതേസമയം, ഓള്‍റൗണ്ട് മികവിലൂടെ മാര്‍ക്കോ ജാന്‍സന്‍ പ്ലേയര്‍ ഓഫ് ദി മാച്ചായി. മത്സരത്തില്‍ ഒമ്പത് ക്യാച്ചുകള്‍ നേടി വിക്കറ്റ് കീപ്പര്‍ എയ്ഡൻ മാര്‍ക്രമും റെക്കോർഡ് കുറിച്ചു.

India lost 2nd test against south africa
സ്മൃതിയുടെ പിതാവ് വീട്ടില്‍ തിരിച്ചെത്തി; വിവാഹത്തെ കുറിച്ച് അവ്യക്തത തുടരുന്നു

രണ്ടാം ഇന്നിങ്‌സില്‍ 549 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. രണ്ട് വിക്കറ്റ് നഷ്ടവുമായി ഇന്ത്യ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കായി രവീന്ദ്ര ജഡേജ (54) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. വാഷിങ്ടണ്‍ സുന്ദര്‍ (16) രണ്ടാമത്തെ ഉയർന്ന ടോപ് സ്‌കോററായി.

139 പന്തുകള്‍ നേരിട്ട് സായ് സുദര്‍ശന്‍ 14 റണ്‍സുമായി പിടിച്ചുനില്‍ക്കാള്‍ ശ്രമിച്ചെങ്കിലും മല്‍സരം സമനിലയിൽ എത്തിക്കാന്‍ ഇതൊന്നും പര്യാപ്തമായിരുന്നില്ല. ഓപ്പണർ ജയ്‌സ്വാളും (13) താൽക്കാലിക നായകൻ റിഷഭ് പന്തും (13) നിരാശപ്പെടുത്തി.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര നവംബര്‍ 30ന് റാഞ്ചിയില്‍ ആരംഭിക്കും. റായ്പൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് മറ്റു രണ്ട് ഏകദിനങ്ങള്‍. തുടര്‍ന്ന് ഇരു രാജ്യങ്ങളും അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര കളിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com