

ധരംശാല: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് അനായാസ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം ഇന്ത്യ ബാറ്റർമാർ. 15.5 ഓവറിൽ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.
18 പന്തിൽ 35 റൺസെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശുഭ്മാൻ ഗിൽ (28), തിലക് വർമ (26) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ മാർക്കോ ജാൻസൺ, ലുങ്കി എങ്കിടി, കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തിരുന്നു. 46 പന്തിൽ നിന്ന് 61 റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രമാണ് പ്രോട്ടീസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യൻ ബൗളർമാരിൽ അർഷ്ദീപ് സിങ്, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.
നേരത്തെ ഹർഷിത്, അർഷ്ദീപ് എന്നിവരുടെ ഓപ്പണിങ് സ്പെല്ലുകൾക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ വിറയ്ക്കുന്നതാണ് ധരംശാലയിൽ കണ്ടത്. ആദ്യ ഓവറിൽ തന്നെ റീസ ഹെൻഡ്രിക്സിനെ അർഷ്ദീപ് സിങ് (0) വിക്കറ്റിന് മുന്നിൽ കുടുക്കി.
സ്കോർ ബോർഡിൽ ഏഴ് റൺസെടുത്തുമ്പോഴേക്കും മൂന്ന് മുൻനിര പ്രോട്ടീസ് ബാറ്റർമാരാണ് കൂടാരം കയറിയത്. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോഴേക്കും ഓപ്പണർമാരായ റീസ ഹെൻഡ്രിക്സും ക്വിൻ്റൺ ഡീ കോക്കും (1) പുറത്തായിരുന്നു.
മികച്ച ഫോമിലുള്ള ഡീ കോക്കിനെ ഹർഷിത് റാണ ലെഗ് ബിഫോറാക്കി. പിന്നാലെ രണ്ട് റൺസെടുത്ത ഡിവാൾഡ് ബ്രെവിസിനെ ക്ലീൻ ബൗൾഡാക്കി ഹർഷിത് രണ്ടാമത്തെ വിക്കറ്റ് കൂടി വീഴ്ത്തി.
ഏഴാം ഓവറിലെ അവസാന പന്തിൽ ട്രിസ്റ്റൺ സ്റ്റബ്സിനെ (9) വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ച് ഹാർദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കയുടെ നില കൂടുതൽ പരുങ്ങലിലാക്കി. അപ്പോൾ 30 റൺസ് മാത്രമായിരുന്നു ടീമിൻ്റെ ആകെ സ്കോർ. പിന്നാലെ 11ാം ഓവറിലെ ആദ്യ പന്തിൽ ബോഷിനെ ക്ലീൻ ബൗൾ ചെയ്തു ശിവം ദുബെ അഞ്ചാം വിക്കറ്റും വീഴ്ത്തി. പിന്നീട് വാലറ്റത്തിന് കാര്യമായി പിടിച്ചുനിൽക്കാനായില്ല.
അതേസമയം, മൂന്നാം ടി20യിലും മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ജിതേഷ് ശർമയാണ് പകരം വിക്കറ്റ് കീപ്പറുടെ ചുമതലയിൽ തുടരുന്നത്. കഴിഞ്ഞ മത്സരത്തിൽ വിക്കറ്റിന് പിന്നിൽ നാല് ക്യാച്ചുകൾ നേടി ജിതേഷ് തിളങ്ങിയിരുന്നു.
വ്യക്തിപരമായ കാരണങ്ങളാൽ ജസ്പ്രീത് ബുംറ ഇന്ന് ടീമിൽ കളിക്കാനിറങ്ങില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. പകരം ഹർഷിത് റാണ ടീമിലെത്തി. സ്പെഷ്യലിസ്റ്റ് സ്പിന്നറും ഓൾറൌണ്ടറുമായ അക്സർ പട്ടേലിന് പകരമായി കുൽദീപ് യാദവ് ടീമിലിടം നേടി