
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്നുള്ള അഭ്യൂഹങ്ങൾ തള്ളിയും ഏകദിന ക്രിക്കറ്റിലേക്കുള്ള ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയുമാണെന്ന സോഷ്യൽ മീഡിയ പ്രചാരണവുമായി കോഹ്‌ലി ഫാൻസ്. ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്ക് ഒരുങ്ങുകയാണ് കോഹ്‌ലിയെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ലണ്ടനിൽ അടുത്തിടെ നടന്ന ഒരു ഇൻഡോർ നെറ്റ് സെഷനിൽ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട്, ചാംപ്യൻസ് ട്രോഫിക്ക് ശേഷമുള്ള തൻ്റെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനുള്ള സന്നദ്ധതയും കോഹ്‌ലി വ്യക്തമാക്കിയിരുന്നു. ബാറ്റിങ് പരിശീലകനൊപ്പം നിൽക്കുന്ന ചിത്രം കോഹ്ലി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
'viratkohli18.in' എന്ന ഫാൻ പേജ് താരം ഓസീസ് പരമ്പരയ്ക്ക് ഒരുങ്ങുകയാണെന്ന് ഫോട്ടോസഹിതം പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് കോഹ്‌ലി ലൈക്ക് ചെയ്തതാണ് താരത്തിൻ്റെ തിരിച്ചുവരവാണിതെന്ന സൂചനയായി ആരാധർ ഉറപ്പിച്ചുപറയുന്നത്.
ലണ്ടനിൽ സ്ഥിരതാമസമാക്കിയ ശേഷം ഇന്ത്യൻ ഇതിഹാസ താരം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. രോഹിത് ശർമയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് കോഹ്‌ലിയും ടെസ്റ്റിനോട് ബൈ പറഞ്ഞത്. അടുത്തിടെ ഓസീസ് പരമ്പരയ്ക്ക് മത്സരിക്കാൻ മത്സര പരിചയം ഇല്ലാത്തതിനാൽ സീനിയർ താരങ്ങൾ ഇരുവരേയും ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
എന്നാൽ ലണ്ടനിലെ കഠിനമായ പരിശീലന സെഷനിലൂടെ വിരാട് കോഹ്‌ലി ആ വാദങ്ങൾ തള്ളിക്കളഞ്ഞു. പരസ്യമായ പ്രതികരണം നടത്തിയില്ലെങ്കിലും ഓസീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീമിൽ താരം ഇടംപിടിക്കുമെന്ന് തന്നെയാണ് സൂചന. പേര് വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിരമിക്കൽ വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നാണ് സൂചന.