
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പിൽ ഓസീസിൻ്റെ ലോക റെക്കോർഡ് ചേസിങ്ങിൽ പൊരുതി വീണെങ്കിലും നീലപ്പടയ്ക്ക് ആശ്വസിക്കാൻ വക നൽകുന്ന പ്രധാന കാര്യം ഓപ്പണർ സ്മൃതി മന്ദാനയുടെ ഫോമിലേക്കുള്ള മടങ്ങിവരവാണ്. ഇന്ന് ഓസ്ട്രേലിയക്കെതിരെ തുടർച്ചയായ അഞ്ചാം മത്സരത്തിലും അമ്പതിന് മുകളിലുള്ള സ്കോർ നേടാനായതോടെ ഇന്ത്യൻ ആരാധകർക്ക് അത് ആവേശക്കാഴ്ച ആയി മാറിയിരുന്നു.
ഏകദിന ചരിത്രത്തിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് നേടിയ ആദ്യ വനിതയായി സ്മൃതി മന്ദാന മാറി. അതോടൊപ്പം 5000 ഏകദിന റൺസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഏറ്റവും വേഗത്തിൽ 5000 ഏകദിന റൺസ് നേടുന്ന താരം (112 ഇന്നിംഗ്‌സുകളിൽ നിന്ന്) എന്നീ നേട്ടങ്ങളും ഇന്നത്തെ പ്രകടനത്തിനൊപ്പം സ്മൃതി സ്വന്തമാക്കി.
ഇന്ത്യൻ ഇതിഹാസ താരമായിരുന്ന വിരാട് കോഹ്‌ലി പോലും 114 ഇന്നിങ്സുകളിൽ നിന്നാണ് 5000 ഏകദിന റൺസ് നേടിയത്. അപ്പോഴാണ് വനിതാ ക്രിക്കറ്റിൽ സ്മൃതി മന്ദാന കൈവരിച്ച ഈ അതുല്യ നേട്ടത്തിൻ്റെ യഥാർത്ഥ മഹത്വം നമുക്ക് തിരിച്ചറിയാനാകുക.
ഇന്ന് വിശാഖപട്ടണത്ത് ഇന്ത്യക്കായി സ്മൃതി മന്ദാന-പ്രതിക റാവൽ സഖ്യം ഒന്നാം വിക്കറ്റിൽ ഓപ്പണർ 155 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ ലോകകപ്പിൽ മന്ദാന (80) ആദ്യത്തെ അർധസെഞ്ച്വറി നേടുന്നതിനും വിശാഖപട്ടണം സാക്ഷ്യം വഹിച്ചു.