
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ സഞ്ജുവിൻ്റെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വിജയം. ട്രിവാൻഡ്രം റോയൽസിനെ എട്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സഞ്ജുവിന്റെ സഹോദരനും ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റനുമായ സാലി സാംസൺ അർധ സെഞ്ച്വറി നേടി.
കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്സിയില്‍ സഞ്ജുവിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നത്തേത്. സഞ്ജുവിന്റെ മൂത്ത സഹോദരൻ സാലി സാംസണായിരുന്നു ടീം ക്യാപ്റ്റന്‍. സഞ്ജു വൈസ് ക്യാപ്റ്റനും. കളിയില്‍ ഉടനീളം മികച്ച ഫീല്‍ഡിങ് പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.
അദാനി ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ 'സാംസണ്‍ ബ്രദേഴസ്' നയം വ്യക്തമാക്കി. റോയല്‍സ് ഓപ്പണർ സുബിന്‍. എസിന്റെ സിംഗിൾ തടഞ്ഞ സഞ്ജു പെട്ടെന്ന് തന്നെ പന്ത് ബൗളറുടെ എൻഡിലേക്ക് എറിഞ്ഞു. സാലി അത് ക്ലീൻ ആയി ക്യാച്ച് ചെയ്ത് ബാറ്ററെ പുറത്താക്കി. സഹോദരങ്ങളുടെ ഈ പ്രകടനം സോഷ്യല്‍ മീഡിയ കൊണ്ടാടുകയാണ്.
നിശ്ചിത ഓവറില്‍ വെറും 97 റൺസിനാണ് ട്രിവാന്‍ഡ്രം റോയല്‍സിനെ കൊച്ചി പുറത്താക്കിയത്. 32 പന്തില്‍ 28 റണ്‍സെടുത്ത അഭിജിത്ത് പ്രവീണ്‍ ആണ് ട്രിവാന്‍ഡ്രത്തിന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങില്‍ സാലിയാണ് ടീമിനെ 8 വിക്കറ്റിന്റെ അത്ഭുതകരമായ വിജയത്തിലേക്ക് നയിച്ചത്. സഞ്ജിവിന്റെ ബാറ്റിങ് കാണാന്‍ എത്തിയവർക്ക് അതിന് അവസരം ലഭിച്ചില്ലെങ്കിലും ആരാധകരെ സാലി നിരാശരാക്കിയില്ല. 50 റൺസുമായി പുറത്താകാതെ നിന്ന നായകന്‍ ബൗണ്ടറി അടിച്ചാണ് അർധ സെഞ്ച്വറിയും വിജയ റണ്ണും നേടിയത്. 30 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടുന്നതായിരുന്നു സാലിയുടെ ഇന്നിംഗ്സ്.