മുംബൈ: ഐസിസി വനിതാ ലോകകപ്പിലെ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിന് ടാറ്റയുടെ ഉപഹാരം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഓരോ അംഗത്തിനും ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ സിയറ എസ്‌യുവിയുടെ ആദ്യ ബാച്ച് ലഭിക്കും. ടീമിലെ ഓരോ അംഗത്തിനും എസ്‌യുവിയുടെ ഏറ്റവും ഉയർന്ന മോഡൽ ലഭിക്കും. ഇന്ത്യൻ വനിതാ ടീമിനുള്ള അഭിനന്ദനമറിയിച്ചാണ് ഈ ഉപഹാരം.
"ലെജൻഡ് ലെജൻഡ്‌സിനെ കണ്ടുമുട്ടുന്നു. ഐസിസി വനിതാ ലോകകപ്പ് പ്രകടനത്തെയും ആഘോഷിക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഓരോ അംഗത്തിനും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് അഭിമാനത്തോടെ 'ടാറ്റ സിയറ' സമ്മാനിക്കുന്നു - ധീരവും വൈവിധ്യപൂർണ്ണവും കാലാതീതവുമായ ഇതിഹാസം," ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു.
വ്യാഴാഴ്ച രാഷ്ട്രപതി ഭവനിൽ ഇന്ത്യൻ വനിതാ ടീം പ്രസിഡന്റ് ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ചരിത്ര നേട്ടത്തിന് ടീമിനെ അഭിനന്ദിച്ച പ്രസിഡന്റ് മുർമു, കളിക്കാർ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, യുവതലമുറയ്ക്ക് മാതൃകകളായി മാറുകയും ചെയ്തുവെന്ന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വനിതാ ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞയാഴ്ച നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ തങ്ങളുടെ കന്നി വനിതാ ലോകകപ്പ് കിരീടം നേടിയത്.