
ഇംഗ്ലണ്ടിനെതിരായ വനിതാ ട്വൻ്റി ട്വൻ്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 97 റൺസിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. സെഞ്ച്വറിയുമായി തിളങ്ങിയ സ്‌മൃതി മന്ദാനയാണ് (112) കളിയിലെ താരം.
ഇംഗ്ലണ്ടിനെതിരെ അനായാസ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്മൃതിയും ഷെഫാലിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒരറ്റത്ത് സ്മൃതി തകർത്തടിച്ചപ്പോൾ ഏറെക്കാലത്തിന് ശേഷം ടീമിൽ തിരികെയെത്തിയ ഷഫാലി വർമ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. സ്കോർ 77ല്‍ നിൽക്കേ ഷെഫാലിയെ നഷ്ടപ്പെട്ടെങ്കിലും, ഹര്‍ലീന്‍ ഡിയോളിനെ ഒപ്പം കൂട്ടി സ്‌മൃതി സ്കോർ 150 കടത്തി. ഇതിനിടെ ട്വന്റി-ട്വന്റിയിൽ സ്മൃതി തന്റെ ആദ്യ സെഞ്ച്വറിയും കുറിച്ചു.
മൂന്ന് സിക്‌സറും 15 ഫോറുകളും പിറന്ന ഇന്നിങ്സിൽ സ്മൃതി അടിച്ച് കൂട്ടിയത് 62 പന്തിൽ 112 റൺസാണ്. മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡും സ്‌മൃതി മന്ദാന സ്വന്തം പേരിലാക്കി. 43 റൺസെടുത്ത് നിൽക്കെ, ഹാർലീനെ ലോറന്‍ ബെല്ലാണ് പുറത്താക്കിയത്. തുടരെ മൂന്ന് വിക്കറ്റ് വീണെങ്കിലും സ്കോർ 200 കടത്തിയാണ് സ്മൃതി മടങ്ങിയത്. സോഫി എക്ലെസ്റ്റോണായിരുന്നു വിക്കറ്റ്. 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ വനിതകൾ 210 റൺസാണ് നേടിയത്.
കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്, ഇന്ത്യൻ പെൺപടയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇംഗ്ലണ്ടിന്റെ ഏഴ് താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായപ്പോൾ ക്യാപ്റ്റൻ നാറ്റ് സ്‌കൈവര്‍-ബ്രന്റ് അർധ സെഞ്ച്വറിയുമായി പൊരുതി. എന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം കുറിച്ച ശ്രീ ചരണിയാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തത്. ചരണി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ദീപ്തി ശർമയും രാധ യാദവും രണ്ട് വിക്കറ്റുകൾ വീതം നേടി.
അഹമ്മദാബാദ് ദുരന്തത്തിൽ അനുശോചിച്ച് മത്സരത്തിന് മുന്നോടിയായി മൗനം ആചരിച്ച താരങ്ങൾ കറുത്ത ഹാൻഡ് ബാൻഡുമായാണ് കളത്തിലിറങ്ങിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി 1-0ന് മുന്നിലെത്തി. ജൂലൈ ഒന്നിന് ബ്രിസ്റ്റോളിലാണ് അടുത്ത മത്സരം.