

അഹമ്മദാബാദ്: ഐസിസി ടി20 ലോകകപ്പിൽ പുത്തൻ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സൂപ്പർ 8 മത്സരത്തിലാണ് ബുമ്ര, ടി20 ലോകകപ്പിൽ ഇന്ത്യയുടെ എക്കാലത്തേയും ഉയർന്ന വിക്കറ്റ് നേട്ടക്കാരനായി മാറിയത്.
ദക്ഷിണാഫ്രിക്കയുടെ വാലറ്റക്കാരനായ കോർബിൻ ബോഷിനെ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കിയാണ് ബുമ്ര ഈ നേട്ടത്തിലേക്ക് കുതിച്ചത്. മത്സരത്തിൽ ആകെ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ക്വിൻ്റൺ ഡീകോക്ക്, റിയാൻ റിക്കൽട്ടൺ എന്നിവരേയും ബുമ്ര പുറത്താക്കിയിരുന്നു.
ടി20 ലോകകപ്പിൽ ഇന്ത്യക്കായി 32 വിക്കറ്റുകൾ വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനാണ് രണ്ടാമത്. 31 വിക്കറ്റുകളുമായി അർഷ്ദീപ് സിങ് മൂന്നാമതെത്തി. ഇന്നത്തെ മത്സരത്തിൽ അർഷ്ദീപ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മൂന്നോവറിനകം തന്നെ പ്രോട്ടീസ് ഓപ്പണർമാരെ ഇരുവരേയും പവലിയനിൽ തിരിച്ചെത്തിക്കാൻ ഇന്ത്യൻ പേസർമാർക്കായി. രണ്ടാം ഓവറിലെ അഞ്ചാമത്തെ പന്തിൽ ക്വിൻ്റൺ ഡീ കോക്കിൻ്റെ കുറ്റി തെറിപ്പിച്ച് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്രയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.