ആക്ഷൻ... റിയാക്ഷൻ! ഹാരിസ് റൗഫിനെ പരിഹസിച്ച് വിമാന സെലിബ്രേഷനുമായി ബുംറ! വീഡിയോ
ദുബായ്: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ 2025 ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ താരങ്ങൾ തമ്മിലുള്ള കൊമ്പു കോർക്കലുകൾ വാർത്തകളിൽ ഇടം നേടിയിരുന്നു. നേരത്തെ ഇന്ത്യൻ കാണികൾക്ക് നേരെ ജെറ്റ് വിമാനം തകർന്നു വീഴുന്ന പോലെയുള്ള വിവാദ സെലിബ്രേഷൻ പാകിസ്ഥാൻ പേസറായ ഹാരിസ് റൗഫ് നടത്തിയിരുന്നു.
കഴിഞ്ഞ ഇന്ത്യ-പാക് സൂപ്പർ ഫോർ മത്സരത്തിൽ കാണികൾക്ക് നേരെ പ്രകോപനപരമായി പെരുമാറിയതിനും രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിച്ചതിനും മൂന്ന് മത്സരങ്ങളിൽ ഐസിസി വിലക്കും ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഇന്ത്യയുടെ സ്റ്റാർ പേസർ ഉരുളയ്ക്ക് ഉപ്പേരിയെന്ന പോലെ എഷ്യ കപ്പ് ഫൈനലിൽ റൗഫിന് നൽകിയ മറുപടിയാണ് ഇന്ത്യൻ ആരാധകരെ കോരിത്തരിപ്പിച്ചത്. 18ാം ഓവറിലെ അഞ്ചാമത്തെ പന്തിൽ റൗഫിനെ യോർക്കറിലൂടെ ക്ലീൻ ബൗൾഡാക്കിയ ശേഷമാണ് ബുംറ വിമാന സെലിബ്രേഷൻ ആവർത്തിച്ചത്. റൗഫിൻ്റെ പുറത്താക്കലിനെ കളിയാക്കുന്ന സെലിബ്രേഷൻ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകർ ആഘോഷമാക്കുകയാണ്.

