തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂർ ടൈറ്റന്‍സിന് എതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് അനായാസ വിജയം. ആറ് വിക്കറ്റിനാണ് തൃശൂരിനെ ബ്ലൂ ടൈഗേഴ്സ് പരാജയപ്പെടുത്തിയത്. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊച്ചി 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി.
ടോസ് നേടിയ കൊച്ചി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം തെറ്റാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു തൃശൂരിന്റെ ഓപ്പണർ ആനന്ദ് കൃഷ്ണന്റെ പ്രകടനം. 54 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. അഞ്ച് ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. 39 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ അർജുന്‍ എ.കെ ആണ് ബേധപ്പെട്ട സ്കോർ നേടിയ മറ്റൊരു ടൈറ്റന്‍സ് താരം. കൊച്ചിക്കായി ശ്രീഹരി എസ് നായരും കെ.എം. ആസിഫും മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോബിന്‍ ജോബി രണ്ട് വിക്കറ്റും രാകേഷ് കെ.ജെ ഒരു വിക്കറ്റും നേടി. തൃശൂർ ടൈറ്റൻസ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിയുടെ ഓപ്പണർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വിനൂപ് മനോഹരന്‍ 45 പന്തില്‍ 65ഉം വിപുല്‍ ശക്തി 31 പന്തില്‍ 36 റണ്‍സും സ്വന്തമാക്കി. 25 റണ്‍സ് നേടിയ നായകന്‍ സാലി സാംസണും ആല്‍ഫി ഫ്രാന്‍സിസ് ജോണും പുറത്താകാതെ നിന്നു. തൃശൂർ ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കൊച്ചി മറികടന്നത്. വിനൂപ് മനോഹരനാണ് കളിയിലെ താരം.