തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്. 13 റണ്‍സിനാണ് കാലിക്കറ്റിന്റെ വിജയം. അവസാന രണ്ട് ഓവറുകളിലെ സല്‍മാന്‍ നിസാറിന്റെ തകർപ്പന്‍ പ്രകടനമാണ് ഗ്ലോബ്സ്റ്റാർസിന് തുണയായത്.
ടോസ് നേടിയ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണർമാരായ പ്രതീഷ് ധവാന്‍ (7), നായകന്‍ റോഹന്‍ കുന്നുമ്മല്‍ (11) എന്നിവർക്ക് തിളങ്ങാനായില്ല. പിന്നാലെ എത്തിയ എം. അജിനാസാണ് സ്കോർ ഉയർത്തിയത്. 50 പന്ത് നേരിട്ട അജിനാസ് 51 റണ്‍സ് നേടി. മൂന്ന് ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. അഖില്‍ സ്കറിയ (6), സുരേഷ് സച്ചിന്‍ (8) എന്നിവർ നിരാശരാക്കി.
18 ഓവര്‍ അവസാനിക്കുമ്പോള്‍ ആറിന് 115 റണ്‍സ് എന്ന നിലയിലായിരുന്ന കാലിക്കറ്റിന്റെ രക്ഷകനായത് സല്‍മാന്‍ നിസാറാണ്. 13 പന്തില്‍ 17 റണ്‍സുമായി നിന്നിരുന്ന സല്‍മാന്‍ അടുത്ത രണ്ട് ഓവറുകളില്‍ നിന്നായി അടിച്ചെടുത്തത് 69 റണ്‍സാണ്. ബേസില്‍ തമ്പി എറിഞ്ഞ 19-ാം ഓവറില്‍ 31 റണ്‍സാണ് സല്‍മാന്‍ നിസാര്‍ അടിച്ചെടുത്തത്. ബേസിലിന്റെ ആദ്യ അഞ്ച് പന്തും താരം അതിർത്തി കടത്തി. അവസാന പന്തില്‍ സിംഗിളെടുത്ത് സല്‍മാന്‍ കളി തുടർന്നു.
അഭിജിത്ത് പ്രവീണ്‍ എറിഞ്ഞ അവസാന ഓവറില്‍ ആറ് സിക്സുകളാണ് സല്‍മാന്‍ അടിച്ചെടുത്തത്. ഒരു പന്ത് വൈഡും ഒരു പന്ത് നോ ബോളുമായിരുന്നു. രണ്ട് റണ്‍ ഓടിയും എടുത്തു. അവസാന രണ്ട് ഓവറുകളില്‍ നിന്നായി 71 റണ്‍സാണ് കാലിക്കറ്റ് താരം നേടിയത്.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ട്രിവാന്‍ഡ്രം 173 റണ്‍സിന് പുറത്തായി. ഓപ്പണർമാരായ കൃഷ്ണ പ്രസാദ് 18 റണ്‍സിനും വിഷ്ണു രാജ് 12 റണ്‍സിനും പുറത്തായി. എന്നാല്‍, പിന്നാലെ എത്തിയ റിയാ ബഷീറും (25) സഞ്ജീവ് സതീശനും (34) സ്കോർ ഉയർത്തി. എന്നാല്‍ ഇവർ പുറത്തായതോടെ സ്കോറിങ് വേഗത കുറഞ്ഞു. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണതോടെ ട്രിവാന്‍ഡ്രത്തിന്റെ കളി 173ന് അവസാനിച്ചു. കാലിക്കറ്റിനായി അഖില്‍ സ്കറിയ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.