
തിരുവനന്തപുരം: 2025 കേരള ക്രിക്കറ്റ് ലീഗ് സീസണിൽ ആലപ്പിയെ തകർത്ത് സെമി ഫൈനൽ ബർത്ത് ഉറപ്പിച്ച് ഏരീസ് കൊല്ലം സെയ്ലേഴ്‌സ്. നിർണായക മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ നാല് വിക്കറ്റിനാണ് അവർ തോൽപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി 138 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ നിലവിലെ ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയ്ലേഴ്‌സ് 17 ഓവറിൽ ലക്ഷ്യം മറികടന്നു. കൊല്ലത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ ജി. അമലാണ് പ്ലെയർ ഓഫ് ദി മാച്ച്.
കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഫൈനെസ്സി തൃശൂർ ടൈറ്റൻസ് എന്നിവരാണ് മറ്റു സെമി ഫൈനലിസ്റ്റുകൾ. പ്രാഥമിക റൗണ്ടിൽ ഒരു മത്സരം കൂടി ശേഷിക്കുന്നതിനാൽ സെമി ഫൈനൽ ഷെഡ്യൂൾ വൈകാതെ അറിയാം. സെപ്റ്റംബർ അഞ്ചിന് തന്നെയാണ് രണ്ട് സെമി ഫൈനൽ മത്സരങ്ങളും നടക്കുക. ഏഴിനാണ് കേരളം കാത്തിരിക്കുന്ന ആവേശ ഫൈനൽ പോരാട്ടം അരങ്ങേറുക.
രണ്ടും മൂന്നും സ്ഥാനക്കാരും ആദ്യ സെമിയിൽ ഏറ്റുമുട്ടുമ്പോൾ, രണ്ടാം സെമിയിൽ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാകും ഏറ്റുമുട്ടുക. നിലവിൽ 10 മാച്ചിൽ നിന്ന് 16 പോയിൻ്റുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് പോയിൻ്റ് ടേബിളിൽ ഒന്നാമത്. മറ്റു മൂന്ന് സൈമി ഫൈനലിസ്റ്റുകൾക്കും 10 പോയിൻ്റ് വീതമാണുള്ളത്.