കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ആവേശത്തുടക്കം; സൗഹൃദ മത്സരത്തിൽ സഞ്ജുവിന്റെ സെക്രട്ടറി ഇലവനു തകർപ്പൻ ജയം

ഏഷ്യാ കപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പായി മത്സരം എന്ന് സഞ്ജു സാംസൺ
സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍
Published on

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ആവേശോജ്ജ്വലമായ തുടക്കം. സീസണിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ സഞ്ജു സാംസൺ നയിച്ച കെസിഎ സെക്രട്ടറി ഇലവനു തകർപ്പൻ ജയം. അവസാന ഓവർ വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ സെക്രട്ടറി ഇലവൻ, പ്രസിഡൻറ് ഇലവനെ ഒരു വിക്കറ്റിന് തോൽപ്പിച്ചു. സഞ്ജു സാംസൺ നേടിയ അർധ സെഞ്ച്വറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

സൗഹൃദ മത്സരമായിരുന്നില്ല കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നത്. ഓരോ ഓവറിലും ആവേശം നിറയ്ക്കുന്ന വാശിയേറിയ പോരാട്ടമായിരുന്നു. ഒടുവില്‍ സച്ചിൻ ബേബിയുടെ പ്രസിഡന്റ് ഇലവനെ സഞ്ജുവിന്റെ സെക്രട്ടറി ഇലവൻ വീഴ്ത്തി. 185 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സെക്രട്ടറി ഇലവന് വിഷ്ണു വിനോദ് നേടിയ അതിവേഗ അർധ സെഞ്ച്വറിയോടെ ഉജ്ജ്വല തുടക്കമാണ് ലഭിച്ചത്.

സഞ്ജു സാംസണ്‍
"ആ പൊസിഷനുകളിൽ ഇന്ത്യക്ക് ആശ്രയിക്കാവുന്ന താരങ്ങളില്ല"; കോഹ്‌ലിയും രോഹിത്തും തുടരുന്നതിനെ പിന്തുണച്ച് റെയ്ന

എന്നാല്‍, പിന്നാലെ തുടരെത്തുടരെ വിക്കറ്റുകൾ വീണു. ടീം പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് സഞ്ജുവിന്റെ വരവ്. ഒരറ്റത്ത് നിലയുറപ്പിച്ചു കളിച്ച സഞ്ജു 36 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 54 റൺസാണ് അടിച്ചു കുട്ടിയത്. അവസാന ഓവറിൽ വേണ്ടിയിരുന്നത് ഏഴ് റൺസായിരുന്നു. മൂന്നാം പന്തിൽ ജയത്തിനരികെ സഞ്ജു പുറത്തായി. നാലാം പന്തിലെ സിക്സറോടെ ബേസിൽ തമ്പിയാണ് കളി വിജയിപ്പിച്ചത്.

സഞ്ജു സാംസണ്‍
ധോണിയുടെ തീരുമാനം വിഷമിപ്പിച്ചു, പിന്നാലെ വിരമിക്കാന്‍ ആലോചിച്ചിരുന്നു, സച്ചിൻ തടഞ്ഞു: സെവാഗ്

ആദ്യം ബാറ്റ് ചെയ്ത പ്രസിഡന്റ് ഇലവൻ രോഹൻ കുന്നുമ്മലിന്റെ അർധ സെഞ്ചുറി മികവിലാണ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തത്.

ഏഷ്യാ കപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പായി മത്സരം എന്നാണ് സഞ്ജു സാംസൺ പറഞ്ഞത്. കെസിഎൽ മത്സരങ്ങൾ കേരളത്തിൽ ക്രിക്കറ്റിൻ്റെ വളർച്ചയ്ക്ക് സഹായകമാകും. മത്സരത്തിന് ഇത്രയും കാണികളെ പ്രതീക്ഷിച്ചില്ല. മികച്ച പ്രതിഭകൾ കേരളത്തിനുണ്ടെന്നും മത്സരത്തിന് ശേഷം സജ്ഞു പറഞ്ഞു.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ലഡ് ലൈറ്റിന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു കെസിഎൽ താരങ്ങളെ കോർത്തിണക്കിയുള്ള സൗഹൃദ മത്സരം. ഓഗസ്റ്റ് 21 മുതലാണ് രണ്ടാം സീസണിലെ കെസിഎൽ മത്സരങ്ങൾക്ക് തുടക്കമാകുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com