

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരായ മത്സരത്തിൽ ടോസ് നേടിയ കേരളത്തിൻ്റെ ക്യാപ്റ്റൻ ആദ്യ ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ സൂപ്പർതാരം സഞ്ജു സാംസൺ കേരളത്തിന് വേണ്ടി കളിക്കാനിറങ്ങി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പുതുച്ചേരി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 29 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെന്ന നിലയിലാണ്. വിഖ്നേശ്വരൻ മാരിമുത്തുവും (1) അമൻ ഖാനുമാണ് (15) ക്രീസില്‍. നെയാന്‍ ശ്യാം കങ്കയ്യനും (25), പരമേശ്വരൻ ശിവരാമനും (11), ഫിഫ്റ്റികൾ നേടിയ ജസ്വന്ത് ശ്രീറാമും (54), അജയ് രൊഹേറയുമാണ് (56) പുറത്തായത്.
എം.ഡി. നിധീഷിന്‍റെ പന്തില്‍ നെയാന്‍ ശ്യാമിനെ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 19ാമത്തെ ഓവറിലെ ആദ്യ പന്തിൽ അജയ് രൊഹേറയെ അങ്കിത് ശർമ ക്ലീൻ ബൗൾഡാക്കി. ജസ്വന്ത് ശ്രീരാമിനെ ഈഡൻ ആപ്പിൾ ടോമിൻ്റെ പന്തിൽ സഞ്ജു സാംസൺ തകർപ്പനൊരു ക്യാച്ചിലൂടെ പുറത്താക്കി. പരമേശ്വരൻ ശിവരാമനെ ബാബാ അപരാജിൻ്റെ പന്തിൽ മുഹമ്മദ് അസ്ഹറുദീൻ ക്യാച്ചെടുത്ത് പുറത്താക്കി.