

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിയെ എട്ട് വിക്കറ്റിന് തകർത്ത് കേരളത്തിൻ്റെ വിജയ കുതിപ്പ്. 248 റൺസ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 29 ഓവറിൽ ജയിക്കാൻ കേരളത്തിനായി.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന വിഷ്ണു വിനോദും (84 പന്തിൽ 162) ബാബ അപരാജിതും (63) ചേർന്ന് കേരളത്തിനായി 222 റൺസിൻ്റെ ശക്തമായ കൂട്ടുകെട്ട് പടുത്തുയർത്തി. 147 പന്തിലാണ് 222 റൺസ് ഇരുവരും ചേർന്ന് വാരിയത്. ഈ മത്സരത്തിൽ 14 സിക്സറുകളും 13 ഫോറുകളുമാണ് വിഷ്ണു വിനോദ് പറത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഒരു കേരള താരം നേടുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറും വിഷ്ണു വിനോദ് സ്വന്തം പേരിലാക്കി.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും നിരാശപ്പെടുത്തിയിരുന്നു. നാലാം ഓവറിലെ രണ്ടാം പന്തിൽ പുതുച്ചേരിയുടെ പേസർ പാർത്ഥ് വഗാനിയുടെ പന്തിൽ പ്ലേയ്ഡ് ഓൺ ആയി വിക്കറ്റ് തെറിച്ചാണ് സഞ്ജു മടങ്ങിയത്. 22 റൺസായിരുന്നു അപ്പോൾ സ്കോർ ബോർഡിലെ കേരളത്തിൻ്റെ സമ്പാദ്യം. അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ ഭൂപേന്ദർ ചൗഹാൻ രോഹൻ കുന്നുമ്മലിനെ പുറത്താക്കിയതോടെ കേരളം 4.3 ഓവറിൽ 30/2 എന്ന നിലയിൽ പതറുന്നതാണ് കണ്ടത്. പിന്നീടാണ് വിഷ്ണു-അപരാജിത് കൂട്ടുകെട്ട് പിറന്നത്.
ആറാം റൗണ്ട് മത്സരത്തിൽ പുതുച്ചേരി കേരളത്തിന് മുന്നിൽ 248 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയിരുന്നു . ജസ്വന്ത് ശ്രീറാമും (54), അജയ് രൊഹേറയും (56) നേടിയ അർധ സഞ്ച്വറികളാണ് പുതുച്ചേരിക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. 47.4 ഓവറിൽ 247 റൺസെടുത്ത് പുതുച്ചേരി ഓൾഔട്ടാവുകയായിരുന്നു. വിക്കറ്റിന് പിന്നിൽ സഞ്ജു സാംസൺ രണ്ട് ക്യാച്ചുകളെടുത്തു.
നാല് വിക്കറ്റെടുത്ത എം.ഡി. നിധീഷാണ് കേരള ബൗളർമാരിൽ തിളങ്ങിയത്. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വീതം വിക്കറ്റെടുത്തു. ടോസ് നേടിയ കേരളത്തിൻ്റെ ക്യാപ്റ്റൻ ആദ്യ ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ സൂപ്പർതാരം സഞ്ജു സാംസൺ കേരളത്തിന് വേണ്ടി കളിക്കാനിറങ്ങി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
എം.ഡി. നിധീഷിന്‍റെ പന്തില്‍ നെയാന്‍ ശ്യാമിനെ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 19ാമത്തെ ഓവറിലെ ആദ്യ പന്തിൽ അജയ് രൊഹേറയെ അങ്കിത് ശർമ ക്ലീൻ ബൗൾഡാക്കി. ജസ്വന്ത് ശ്രീരാമിനെ ഈഡൻ ആപ്പിൾ ടോമിൻ്റെ പന്തിൽ സഞ്ജു സാംസൺ തകർപ്പനൊരു ക്യാച്ചിലൂടെ പുറത്താക്കി. പരമേശ്വരൻ ശിവരാമനെ ബാബാ അപരാജിൻ്റെ പന്തിൽ മുഹമ്മദ് അസ്ഹറുദീൻ ക്യാച്ചെടുത്ത് പുറത്താക്കി.