വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ മിന്നും ജയം. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. എന്നാൽ കേരളം 42.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു.
ഓപ്പണര്‍മാരായ സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെയും തിളക്കമാർന്ന സെഞ്ച്വറികളാണ് കേരളത്തിന് വിജയമൊരുക്കിയത്. 78 പന്തില്‍ 124 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് കേരളത്തിൻ്റെ ടോപ് സ്കോറര്‍. എട്ട് ഫോറും 11 സിക്സും ഉൾപ്പെടെയായിരുന്നു രോഹന്റെ വെടിക്കെട്ട്.
ഓപ്പണറായി ഇറങ്ങി 95 പന്തിൽ 101 റൺസ്നേടി സഞ്ജു കരുത്തുകാട്ടി. ഒമ്പത് ഫോറും മൂന്ന് സിക്സും ഉൾപ്പെടെയാണ് സഞ്ജു സെഞ്ച്വറി അടിച്ചെടുത്തത്. സഞ്ജുവും രോഹനും പുറത്തായപ്പോൾ ബാബാ അപരാജിതും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തിന് വിജയം സമ്മാനിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് കുമാര്‍ കുഷാഗ്രയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തത്. 137 പന്തില്‍ 143 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കുഷാഗ്രയായിരുന്നു ജാര്‍ഖണ്ഡിന്റെ ടോപ് സ്കോറര്‍.