
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിൻ്റെ ആദ്യ മത്സരം ഇന്ന്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കേരളം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഇറങ്ങുന്നത്. കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിൽ കരുത്തരായ മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളികൾ. ടീമിൽ പൂർണ വിശ്വാസം ഉണ്ടെന്ന് കോച്ച് അമയ് ഖുറാസിയ ന്യൂസ് മലയാളത്തോട് പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിൻ്റെ ചരിത്ര യാത്രയായിരുന്നു കഴിഞ്ഞ സീസൺ. തോൽവിയറിയാത്ത ആ യാത്ര ഫൈനൽ വരെയെത്തി. കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സ്വപ്നം പോലെ തോന്നിയ നിമിഷം. പുതിയ സീസണിൽ സ്വന്തം മണ്ണിൽ നിന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്ന ടീമിന് ആ സ്വപ്നം ഇനി യാഥാർത്ഥ്യമാക്കണം. നാട്ടിലേക്ക് കന്നിക്കിരീടം കൊണ്ടുവരണം.
നായകൻ്റെ റോളിൽ ഇത്തവണ മുഹമ്മദ് അസ്ഹറുദ്ദീനാണ്. അനുഭവസമ്പത്തിന്റെ കരുത്തിൽ മുൻ നായകൻ സച്ചിൻ ബേബിയും ടീമിലുണ്ട്. ആദ്യ മത്സരത്തിന് ഇന്നിറങ്ങുമ്പോൾ കോച്ച് അമയ് ഖുറാസിയയ്ക്കും ടീമിൽ പൂർണ വിശ്വാസം. ആത്മവിശ്വാസമായി സഞ്ജു സാംസൺ ഇത്തവണയും ടീമിനൊപ്പം ഉണ്ട്.
പൃഥി ഷായും റുതുരാജ് ഗെയ്ക്ക്‌വാദും മുൻ കേരള താരം ജലജ് സക്സേനയും ഉൾപ്പെട്ട മഹാരാഷ്ട്രയാണ് ആദ്യ മത്സരത്തിൽ കേരളത്തിൻ്റെ എതിരാളികൾ. കർണാടകയും മധ്യപ്രദേശും പഞ്ചാബും ഉൾപ്പെടെ ഇനി നേരിടാൻ ഉള്ളതും കരുത്തരെയാണ്. കഴിഞ്ഞ സീസണിൽ വമ്പന്മാരെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് കേരള ടീം കളത്തിലിറങ്ങുന്നത്.