
ജമ്മു കശ്മീർ: 2022 ഐപിഎൽ സീസണിൽ 22 വിക്കറ്റുകളുമായി തിളങ്ങിയിട്ടും 2023 സീസണിൽ തന്നെ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് പകരക്കാരുടെ ബെഞ്ചിൽ ഇരുത്തിയതിൽ നിരാശപങ്കുവച്ച് ഇന്ത്യയുടെ സെൻസേഷണൽ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്ക്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ഇന്ത്യൻ താരം തനിക്ക് അവസരങ്ങൾ കുറയുന്നതായി ആശങ്കപ്പെട്ടത്.
2022 സീസണിൽ മണിക്കൂർ 150 കിലോമീറ്റർ വേഗതയിൽ എല്ലാ പന്തുകളും എറിഞ്ഞിരുന്ന ഉമ്രാൻ മാലിക്കിൻ്റെ തീയുണ്ടകൾക്ക് മുന്നിൽ വിദേശ താരങ്ങൾ പോലും വിറച്ചിരുന്നു. പിന്നീട് പരിക്കും ഫോം ഔട്ടും കാരണം താരത്തിന് അവസരങ്ങൾ കുറഞ്ഞിരുന്നു. എന്നാൽ ഈ വരുന്ന രഞ്ജി ട്രോഫി സീസണിൽ ജമ്മു കശ്മീരിനായി കളിക്കാൻ ഉമ്രാൻ നന്നായി തയ്യാറെടുത്തിട്ടുണ്ട്. രഞ്ജി സീസണിനായി തയ്യാറെടുക്കുന്നതിനായി പ്രാദേശിക ടൂർണമെൻ്റുകളിൽ കളിച്ച്, ഫിറ്റ്നസും പേസ് ബൗളിങ് കഴിവുകളും മെച്ചപ്പെടുത്താൻ നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നാണ് ഉമ്രാൻ വെളിപ്പെടുത്തിയിരിക്കുന്നത്.
"എനിക്ക് ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ട്. ബുച്ചി ബാബു ടൂർണമെൻ്റിലൂം പ്രാദേശിക ടൂർണമെൻ്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് ഞാൻ ഈ രഞ്ജി സീസണിലേക്ക് പ്രവേശിക്കുന്നത്. ഞാൻ എൻ്റെ ശരീരത്തെ നന്നായി പരിപാലിക്കുകയും നന്നായി പരിശീലിക്കുകയും ചെയ്തിട്ടുണ്ട്. ക്രമേണ മത്സരസജ്ജനാകാൻ ബൗളിങ് ലോഡും വർധിപ്പിച്ചു," ഉമ്രാൻ മാലിക് അഭിമുഖത്തിൽ പറഞ്ഞു.
2024ലെ ഐപിഎൽ സീസണിൽ മാത്രം കളിച്ചതിന് ശേഷം ഇപ്പോഴാണ് കളിക്കാനിറങ്ങുന്നത് എങ്കിലും പരിഭ്രമമോ ടെൻഷനോ ഇല്ലെന്നും ഇന്ത്യൻ പേസർ പറഞ്ഞു. "ഒരു വർഷത്തിന് ശേഷം ഞാൻ തിരിച്ചെത്തിയാലും ഒരു പരിഭ്രാന്തിയുമില്ല. നല്ല ക്രിക്കറ്റ് കളിക്കുന്നതിലും വിക്കറ്റ് വീഴ്ത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരിക്കുകൾ ഒരു ഫാസ്റ്റ് ബൗളറുടെ ജീവിതത്തിൻ്റെ ഭാഗമാണ്. കഴിഞ്ഞ വർഷം തുടക്കത്തിൽ എനിക്ക് പരിക്കേറ്റു. മുഴുവൻ സീസണും നഷ്ടമായി. പക്ഷേ ആ ഇടവേളയിൽ ശരീരത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിച്ചു. ആ ഘട്ടം അവസാനിച്ചു," ഉമ്രാൻ മാലിക് പറഞ്ഞു.
"ഇപ്പോൾ എൻ്റെ ശരീരം വളരെ കണ്ടീഷനിലാണെന്ന് തോന്നുന്നു. ഒരു ഫാസ്റ്റ് ബൗളർ ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ കഠിനമായി പരിശീലിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെയും വൈകീട്ടും അതുപോലെ ആയിരുന്നു. അതുകൊണ്ടാണ് എൻ്റെ ശരീരം കൂടുതൽ ശക്തമാകുന്നത്. കഴിയുന്നത്ര ക്രിക്കറ്റ് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," ഉമ്രാൻ മാലിക് പറഞ്ഞു.
ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് മുമ്പ് രോഹിത് ശർമയെ 10 കിലോഗ്രാം ഭാരം കുറയ്ക്കാനും പഴയ രൂപത്തിലേക്ക് തിരികെ കൊണ്ടുവരാനും സഹായിച്ച മുൻ ഇന്ത്യൻ അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായരുമായി പ്രവർത്തിച്ച അനുഭവത്തെ കുറിച്ചും ഉമ്രാൻ മനസ് തുറന്നു. "അഭിഷേക് നായരോടൊപ്പം പ്രവർത്തിക്കുന്നത് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. കളിക്കാരെ ശരിയായ മാനസികാവസ്ഥയിൽ നിലനിർത്താൻ അദ്ദേഹം സഹായിക്കുന്നു. അദ്ദേഹം കാര്യങ്ങളെ എങ്ങനെ വിശദീകരിക്കുന്നു എന്നത് ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കുന്നു," മാലിക് പറഞ്ഞു.
14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകൾ വീഴ്ത്തിയ 2022ലെ ഐപിഎൽ സീസണിന് ശേഷം, ഉമ്രാൻ മാലിക്ക് 2023ൽ എട്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. 2024 സീസണിൽ ആകെ ഒരു മത്സരം മാത്രമാണ് കളിച്ചത്.