ഇത്തവണയും മും"ബൈ": പ്ലേയോഫ്‌ പോരാട്ടത്തിൽ നിന്ന് പുറത്തായി മുംബൈ ഇന്ത്യൻസ്

ഇപ്പോൾ മുംബൈയുടെ മോശം പ്രകടനങ്ങളുടെ എല്ലാ വിമർശനങ്ങളും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്
ഇത്തവണയും മും"ബൈ": പ്ലേയോഫ്‌ പോരാട്ടത്തിൽ നിന്ന്  പുറത്തായി മുംബൈ ഇന്ത്യൻസ്
Source: X
Published on
Updated on

ഐപിൽ 19ാം സീസണിലെ പ്ലേയോഫ്‌ പോരാട്ടത്തിൽ നിന്ന് അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി പുറത്തായി . ഞായറാഴ്ച്ച റായ്പൂരിൽ വെച്ച് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് (ആർസബി) 2 വിക്കറ്റിനായിരുന്നു മുംബൈയുടെ പരാജയം. ഇതുവരെ കളിച്ച 11 മത്സരങ്ങളിൽ 3 എണ്ണം മാത്രം ജയിച്ച മുംബൈ 6 പോയിൻ്റുകളോടെ പോയിൻ്റ് പട്ടികയിൽ 9 -ാം സ്ഥാനത്താണ്. ആർസിബിയുമായുള്ള മത്സരത്തിൽ പരിക്കിനെ തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യ ഇല്ലാതെയിറങ്ങിയ ഇന്ത്യയെ സൂര്യകുമാർ യാദവാണ് പകരം നയിച്ചത്.

ഇപ്പോൾ മുംബൈയുടെ മോശം പ്രകടനങ്ങളുടെ എല്ലാ വിമർശനങ്ങളും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2020 ഇൽ രോഹിത് ശർമ ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു മുംബൈ ഇന്ത്യൻസ് അവസാനമായി ചാംപ്യന്മാരായത്. എന്നാൽ പിന്നീട് തുടർച്ചയായി 2021 ,2022 ,2023 സീസണുകളിലെ ടീമിൻ്റെ മോശം പ്രകടനത്തിൻ്റെ ഭാഗമായി രോഹിതിനെ നായക സ്ഥാനത്തു നിന്നും മാറ്റി . പകരം 2024 ഇൽ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ചു . ഇതിന് മുമ്പുള്ള 2 സീസണുകളിലെ ഹാർദിക്കിൻ്റെ ഗുജറാത്ത് ടൈറ്റൻസിലെ ക്യാപ്റ്റൻസി മികവു കണ്ടിട്ടായിരുന്നു മുംബൈ മാനേജ്മെൻ്റിൻ്റെ തീരുമാനം. എന്നാൽ അതിന് ശേഷവും മുംബൈയുടെ അവസ്ഥക്ക് പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല.

ഒരു കാലത്ത് ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നായിരുന്നു മുംബൈ ഇന്ത്യൻസ്. ഡെപ്ത്തുള്ള ബാറ്റിങ്ങും ബൗളിങ്ങും , മികച്ച പരിശീലകരും ഉണ്ടായിരുന്ന ശക്തമായ ടീം. ലോകോത്തര ഫീൽഡർമാരെ കൊണ്ട് സമ്പന്നമായിരുന്ന ടീം ഇന്ന് ഫീൽഡിങ്ങിൽ വളരെ ദുർബലരാണ്. പഴയ മുംബൈയുടെ നിഴൽ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.

അതേസമയം, പാണ്ഡ്യയുടെ ക്യാപ്റ്റൻസി പരാജയത്തെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് സീനിയർ താരം സഞ്ജയ് മഞ്ചരേക്കറും രംഗത്ത് എത്തി. ഹാർദിക്കിന് പകരം നായക സ്ഥാനത്തേക്ക് ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മഞ്ചരേക്കർ നിർദേശിച്ചു. സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനം മുംബൈ ഇന്ത്യൻസിന് കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. പരിക്കുകളും , സീനിയർ താരങ്ങളുടെ ഫോമില്ലായ്മയും ടീമിന് തിരിച്ചടിയായി. രോഹിത് ശർമ ചില മത്സരങ്ങളിൽ തിളങ്ങിയെങ്കിലും , സൂര്യ കുമാർ യാദവ്, ഇഷാൻ കിഷൻ തുടങ്ങിയ മുൻ നിര താരങ്ങളുടെ സ്ഥിരതയില്ലാത്ത പ്രകടനം ടീമിന് തിരിച്ചടിയായി . കുറച്ച് വർഷങ്ങളായി മുംബൈ കണ്ടെത്തുന്ന പുതുമുഖങ്ങളും വിദേശ താരങ്ങളും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവസാന ഓവറുകളിൽ കൂടുതൽ റൺസ് വഴങ്ങുന്നത് മുംബൈക്ക് ഇപ്പോൾ ശീലമായി മാറി. ബാറ്റിങ്ങിലെ ഡെപ്തില്ലായ്മയും തോൽവിക്ക് ഒരു കാരണമാകുന്നുണ്ട്. ടീമിലെ അംഗങ്ങൾ തമ്മിൽ ഒത്തിണക്കം ഇല്ലാത്തതും മത്സരങ്ങളുടെ ഗതി മാറ്റുന്നു.

ഇത്തവണയും മും"ബൈ": പ്ലേയോഫ്‌ പോരാട്ടത്തിൽ നിന്ന്  പുറത്തായി മുംബൈ ഇന്ത്യൻസ്
തോൽവിയിൽ നോക്കുകുത്തിയായി ചഹൽ; ക്യാപ്റ്റൻ ശ്രേയസ് അയ്യറിന് എതിരെ കടുത്ത വിമർശനം

പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്താൻ ആർസിബിക്കെതിരെ മുംബൈയ്ക്ക് ജയം അത്യാവശ്യമായിരുന്നു. എന്നാൽ അവസാന ഓവറിലെ ഭുവനേശ്വറിൻ്റെ സിക്സർ മുംബൈയുടെ വിധി നിർണയിച്ചു. എന്തായാലും അടുത്ത സീസണിന് മുന്നെ ടീമിൽ മൊത്തം ഒരു അഴിച്ചുപണി ഉണ്ടായേക്കുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു.

News Malayalam 24x7
newsmalayalam.com