

രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും പങ്കുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. രോഹിത് ശര്‍മയെ മാറ്റുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും ഗംഭീറിന്റെ സ്വാധീനം അതിനു പിന്നിലുണ്ടെന്നാണ് മനോജ് തിവാരി വിശ്വസിക്കുന്നത്.
സ്‌പോര്‍ട്‌സ് ടുഡേയോടാണ് തിവാരി ഇക്കാര്യം പറഞ്ഞത്. ക്യാപ്റ്റനെ മാറ്റാനുള്ള പ്രാഥമിക കാരണം എന്താണെന്ന് തനിക്കറിയില്ല. കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ള കരുത്തുള്ള വ്യക്തി തന്നെയാണ് അജിത് അഗാര്‍ക്കര്‍. എന്നാലും അദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നില്‍ മറ്റാരുടേയെങ്കിലും ഇടപെടല്‍ ഉണ്ടോ എന്നും ആലോചിക്കണം. ഒന്നും രണ്ടും കൂട്ടിയാല്‍ രണ്ട് എന്നതു പോലെ സിംപിളല്ല തിരശ്ശീലയ്ക്ക് പിന്നില്‍ നടക്കുന്ന കാര്യങ്ങള്‍.
തീരുമാനം പുറത്തു പറഞ്ഞത് ചീഫ് സെലക്ടറാണെങ്കിലും പരിശീലകന്റെ അഭിപ്രായവും അതിന് പിന്നില്‍ ഉണ്ടായിരുന്നിരിക്കാം. ഒറ്റയ്ക്ക് അങ്ങനെയൊരു തീരുമാനമെടുക്കാനാകില്ല. രണ്ട് പേരും ഒരുപോലെ ഉത്തരവാദികളാണ്.
ടീം മാനേജ്‌മെന്റിന്റെ നിലവിലെ അവസ്ഥയിലും തിവാരി നിരാശ പ്രകടിപ്പിച്ചു. പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുന്നതില്‍ സ്ഥിരതയില്ലായ്മയുണ്ട്. സത്യം പറഞ്ഞാല്‍ ഏകദിന മത്സരങ്ങള്‍ കാണാനുള്ള താത്പര്യം പോലും ഇല്ലാതായി. ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ക്യാപ്റ്റനെ നീക്കി പകരം പുതിയൊരാളെ നിയമിക്കുന്നത് അനാവശ്യമാണെന്നാണ് തോന്നുന്നത്.
രോഹിത്തിനൊപ്പം കളിച്ച വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തോട് പ്രത്യേക അടുപ്പമുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ഇഷ്ടക്കേടുണ്ടെന്നും തിവാരി തുറന്നു പറഞ്ഞു. ഇത്രയേറെ സംഭാവന ചെയ്ത ക്രിക്കറ്ററെ ബഹുമാനിച്ചില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഐസിസി ട്രോഫികളുള്ള തെളിയിക്കപ്പെട്ട ക്യാപ്റ്റനാണ് രോഹിത് ശര്‍മ. അദ്ദേഹത്തെ നീക്കിയതിനു പിന്നിലെ 'ക്രിക്കറ്റ് യുക്തി'യെയും തിവാരി ചോദ്യം ചെയ്തു. 2027 ലോകകപ്പില്‍ രോഹിത് മത്സരിക്കുമോ എന്ന് സംശയിക്കുന്നത് എന്തിനാണെന്ന് ചോദിച്ച തിവാരി, രോഹിത്തിന്റെ കഴിവില്‍ വിശ്വാസക്കുറവ് കാണിക്കുന്നത് വലിയ തെറ്റാണെന്നും പറഞ്ഞു. മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടുകയും 2023 ല്‍ ചെയ്തതുപോലെ നിസ്വാര്‍ത്ഥമായ മനോഭാവത്തോടെ കളിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തെ ആരും സംശയിച്ചിട്ടില്ല. ക്രിക്കറ്റ് യുക്തി മാത്രം ഉപയോഗിച്ച് അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കിയത് ന്യായീകരിക്കാനാവില്ലെന്നും തിവാരി പറഞ്ഞു.