
ഓവൽ ടെസ്റ്റിൽ രണ്ടിന്നിങ്സിലുമായി ഇന്ത്യക്ക് വേണ്ടി ഒൻപത് വിക്കറ്റുകൾ വീഴ്ത്തി മിന്നും താരമായി മാറിയിരിക്കുകയാണ് ഹൈദരാബാദിൽ നിന്നുള്ള മുഹമ്മദ് സിറാജ്. പരമ്പര തോൽവി മുന്നിൽക്കണ്ടിരുന്ന ഇന്ത്യയെ പ്രസിദ്ധ് കൃഷ്ണയ്‌ക്കൊപ്പം ചേർന്ന് ഒപ്പമെത്തിക്കാനും സിറാജിനായി.
ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ പേസ് പട മുമ്പ് എന്നത്തേക്കാളും ശക്തമായ നാളുകളാണ് കടന്നുപോകുന്നത്. ഇത്രയും നാൾ ഒന്നാം റാങ്കുകാരൻ ബുമ്രയുടെ പ്രഭാവലയത്തിൻ്റെ തെളിച്ചത്തിൽ നിറം മങ്ങി നിൽപ്പായിരുന്നു ഈ ഹൈദരാബാദുകാരൻ. എന്നാൽ, ഇംഗ്ലണ്ടിനെതിരായ ഓവൽ ക്രിക്കറ്റ് ടെസ്റ്റ് സിറാജിൻ്റെ തലവര മാറ്റിയെഴുതുമെന്നതിൽ സംശയമൊന്നും വേണ്ട. ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് സിറാജിൻ്റെ ഓവർസീസ് പ്രകടന മികവാണ് ഇപ്പോൾ തെളിഞ്ഞുകാണുന്നത്.
ഐസിസിയുടെ ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ 27ാം റാങ്കുകാരനാണ് ബുമ്ര. വിദേശത്ത് 27 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 99 വിക്കറ്റുകളാണ് മുഹമ്മദ് സിറാജ് നേടിയിരിക്കുന്നത്. അമ്പത് ഇന്നിങ്സുകളിൽ നിന്നാണ് 100 എവേ വിക്കറ്റ് നേട്ടത്തിനരികിൽ സിറാജ് എത്തിയിരിക്കുന്നത്.
15 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഒരിന്നിങ്സിലെ മികച്ച ബൗളിങ് പ്രകടനം. രണ്ടിന്നിങ്സിലുമായി 126 റൺസ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് വിദേശത്തെ സിറാജിൻ്റെ മികച്ച പ്രകടനം.
ഇന്ത്യയിൽ 14 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ മാത്രമാണ് സിറാജിന് നേടാനായിട്ടുള്ളത്. 84 റൺസിന് നാലു വിക്കറ്റെടുത്തതാണ് ഒരു ഇന്നിങ്സിലെ മികച്ച പ്രകടനം. അതേസമയം, നാട്ടിൽ 100 റൺസിന് നാലു വിക്കറ്റെടുത്തതാണ് ടെസ്റ്റിൽ സിറാജിൻ്റെ കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനം.