
ലണ്ടൻ: ഓഗസ്റ്റ് മാസത്തിലെ ഐസിസിയുടെ മികച്ച താരമായി ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെൻറി, വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജെയ്ഡന്‍ സീല്‍സ് എന്നിവരെ മറികടന്നാണ് സിറാജ് ഈ അന്താരാഷ്ട്ര നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിലെ മികച്ച പ്രകടനമാണ് സിറാജിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ആൻഡേഴ്സൺ-ടെണ്ടുൽക്കർ ടെസ്റ്റ് പരമ്പരയിലുടനീളം തകർപ്പൻ ഫോമിലാണ് സിറാജ് പന്തെറിഞ്ഞത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യൻ താരവും സിറാജ് ആയിരുന്നു. 23 വിക്കറ്റുകളാണ് പരമ്പരയില്‍ ഇന്ത്യന്‍ താരം വീഴ്ത്തിയത്.
ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുറയുടെ അഭാവത്തിലും ടീമിന് വേണ്ടി നിര്‍ണായകമായ പ്രകടനം കാഴ്ചവയ്ക്കാന്‍ സിറാജിന് സാധിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാം ടെസ്റ്റിൻ്റെ അവസാന ദിവസം സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യക്ക് ജയവും ഒപ്പം പരമ്പരയിൽ സമനിലയും സമ്മാനിച്ചു. ശുഭ്മാൻ ഗില്ലിന് കീഴിലുള്ള ഇന്ത്യന്‍ ടീമിന് ഇത് വലിയ ആത്മവിശ്വാസമേകി.