
ദുബായ്: ഏഷ്യ കപ്പിൽ പാകിസ്ഥാന് ഇന്ന് നിർണായക ദിനം. ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാൻ യുഎഇയെ നേരിടും. മത്സരത്തിൽ വിജയിക്കുന്ന ടീം സൂപ്പർ ഫോറിൽ കടക്കും എന്നതിനാൽ, ഇന്നത്തെ പോരിൽ ജയിക്കേണ്ടത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. മത്സരം രാത്രി എട്ട് മണിക്ക് ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുന്നത്.
അതേസമയം, ഇന്നത്തെ മത്സരം പാകിസ്ഥാൻ ടീം കളിക്കാൻ തന്നെയാണ് സാധ്യതയെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് എ മത്സരത്തിനിടെ ഉണ്ടായ ഹസ്തദാന വിവാദത്തിൽ മാച്ച് റഫറി പൈക്രോഫ്റ്റിന് പ്രധാന പങ്കുണ്ടെന്ന് പിസിബി ആരോപിച്ചിരുന്നു.
അടുത്ത മത്സരങ്ങളിൽ നിന്ന് ആൻഡി പൈക്രോഫ്റ്റിനെ മാച്ച് റഫറിമാരുടെ പാനലിൽ നിന്ന് നീക്കം ചെയ്യണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) പരാതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരസിച്ചത് പാക് ക്രിക്കറ്റ് ബോർഡിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു.
അതേ തുടർന്ന് ചൊവ്വാഴ്ച യുഎഇക്കെതിരായ ഏഷ്യ കപ്പ് മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം നടത്താനിരുന്ന പ്രീ മാച്ച് പത്രസമ്മേളനം റദ്ദാക്കിയിരുന്നു. എഷ്യ കപ്പിൽ നിന്നുള്ള പിൻവാങ്ങൽ ഭീഷണിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ ആണിതെന്നാണ് ടീം വൃത്തങ്ങൾ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
പത്രസമ്മേളനം നടന്നില്ലെങ്കിലും പാകിസ്ഥാൻ കളിക്കാർ പരിശീലന സെഷനിൽ പങ്കെടുത്തിരുന്നു. മത്സരത്തിൽ നിന്ന് പിന്മാറാൻ സാധ്യത കുറവാണെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. പിന്മാറിയാൽ ഐസിസിയുടെ ഭാഗത്ത് നിന്നുള്ള അച്ചടക്ക നടപടിയോ വിലക്കോ നേരിട്ടേക്കാമെന്നതാണ് പിസിബിയെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്.