
ഡൽഹി: ഇന്ത്യ കിരീടം ചൂടിയ ഏഷ്യ കപ്പ് പരമ്പരയിൽ ഇന്ത്യയുടെ യുവ ഓപ്പണറായിരുന്ന അഭിഷേക് ശർമ മിന്നും ഫോമിലായിരുന്നു. മൂന്ന് അർധസെഞ്ച്വറികളും 200ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായി 314 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. 25കാരനായ ഈ പഞ്ചാബി താരമാണ് നിലവിൽ ടി20യിൽ ഒന്നാം റാങ്കുകാരനായ ബാറ്റർ. സൂര്യകുമാർ യാദവ് നയിച്ച ഇന്ത്യൻ ടീമിനെ ടൂർണമെൻ്റ് വിജയിപ്പിച്ചത് അഭിഷേക് തന്നെയായിരുന്നു.
എന്നാൽ പാകിസ്ഥാനെതിരായ ഫൈനലിൽ അഞ്ച് റൺസ് മാത്രമാണ് അഭിഷേക് യാദവിന് നേടാനായത്. അതേസമയം, അഭിഷേകിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത് പാകിസ്ഥാനി പേസറായ ഇഹ്‌സാനുള്ളയാണ്. 2023ലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ മണിക്കൂറിൽ 152.65 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. ഇതോടെ പാകിസ്ഥാൻ്റെ ടി20, ഏകദിന ടീമുകളിലും താരത്തിന് യോഗ്യത നേടാനായിരുന്നു.
ഇഹ്‌സാനുള്ളയുടെ അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയിൽ അഭിഷേക് ശർമയെ താരം വെല്ലുവിളിക്കുന്നുണ്ട്. "ഞാൻ ഇന്ത്യക്കെതിരെ കളിക്കുകയാണെങ്കിൽ അഭിഷേക് ശർമയെ മൂന്ന് മുതൽ ആറ് പന്തുകൾക്കകം പുറത്താക്കിയിരിക്കും," എന്നതായിരുന്നു ഈ മുന്നറിയിപ്പ്. അതേസമയം, പാക് താരത്തിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.