ഡൽഹി: 2026 സീസണിനായുള്ള ഐപിഎൽ മിനി താരലേലം ഡിസംബർ രണ്ടാമത്തെയോ മൂന്നാമത്തെയോ വാരം നടക്കുമെന്ന് റിപ്പോർട്ട്. ഡിസംബർ 13 മുതൽ 15 വരെയുള്ള തീയതികളിൽ താരലേലം നടക്കാനാണ് സാധ്യത. ബിസിസിഐ അധികൃതരുമായി സംസാരിച്ച ഐപിഎൽ ടീമുകൾ ആ തീയതികളിലാണ് ചർച്ചകൾ നിശ്ചയിച്ചിരിക്കുന്നത് എന്ന് ക്രിക്ക്ബസിനോടാണ് വെളിപ്പെടുത്തിയത്. എന്നിരുന്നാലും ഐപിഎൽ ഗവേണിംഗ് കൗൺസിൽ ഇതുവരെ ഷെഡ്യൂൾ ഔദ്യോഗികമായി ഉറപ്പിച്ചിട്ടില്ല.
കൂടാതെ, കഴിഞ്ഞ രണ്ട് എഡിഷനുകളിലേത് പോലെ ഈ വർഷം ഐപിഎൽ താരലേലം വിദേശത്ത് നടത്തുമെന്നതിന് ഒരു സൂചനയുമില്ല. കഴിഞ്ഞ വർഷങ്ങളിൽ ദുബായിലും (2023) ജിദ്ദയിലുമായാണ് (2024) താരലേലം നടന്നത്. ഇക്കുറി ബിസിസിഐ ഇന്ത്യയിൽ തന്നെ മിനി താരലേലം നടത്താൻ തീരുമാനിച്ചാൽ അതിൽ അതിശയിക്കാനില്ലെന്ന് ഐപിഎൽ ഫ്രാഞ്ചൈസി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
താരങ്ങളുടെ റീട്ടെൻഷൻ സമയപരിധി നവംബർ 15 ആണ്. അപ്പോഴേക്കും, ഫ്രാഞ്ചൈസികൾ ലേലത്തിന് മുമ്പ് ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന കളിക്കാരുടെ പേരുകൾ സമർപ്പിക്കേണ്ടതുണ്ട്. എന്നിരുന്നാലും കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും ഒഴികെയുള്ള ടീമുകളിൽ വലിയ മാറ്റത്തിൻ്റെ സൂചനകളൊന്നുമില്ല. ദീപക് ഹൂഡ, വിജയ് ശങ്കർ, രാഹുൽ ത്രിപാഠി, സാം കറൻ, ഡെവൺ കോൺവേ എന്നിവരും റിലീസ് ലിസ്റ്റിൽ ഉണ്ടെന്ന് റിപ്പോർട്ട്. ആർ. അശ്വിൻ വിരമിച്ചതോടെ അവരുടെ പക്കലുള്ളത് 9.75 കോടി രൂപയാണ്.
ക്യാപ്റ്റനെ നിലനിർത്താൻ ഫ്രാഞ്ചൈസിക്ക് കഴിഞ്ഞില്ലെങ്കിൽ രാജസ്ഥാൻ റോയൽസിൻ്റെ റിലീസിങ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ക്യാപ്റ്റൻ സഞ്ജു സാംസൺ ആയിരിക്കും. ശ്രീലങ്കൻ സ്പിന്നർമാരായ വനിന്ദു ഹസരംഗയെയും മഹീഷ തീക്ഷണയെയും വിട്ടയക്കാൻ റോയൽസിന് പദ്ധതികൾ ഉണ്ടെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കുമാർ സംഗക്കാര മുഖ്യ പരിശീലകനായി തിരിച്ചെത്തുന്നതോടെ ആ തീരുമാനം മാറിയേക്കാം.
ടി. നടരാജൻ, മിച്ചൽ സ്റ്റാർക്ക്, ആകാശ് ദീപ്, മായങ്ക് യാദവ്, ഡേവിഡ് മില്ലർ തുടങ്ങിയ കളിക്കാർക്ക് പുതിയ ഫ്രാഞ്ചൈസികൾക്കായി നോക്കേണ്ടി വന്നേക്കാം. കഴിഞ്ഞ മെഗാ താരലേലത്തിൽ വെങ്കിടേഷ് അയ്യറെ 23.75 കോടി രൂപയ്ക്ക് ടീമിലെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്യാൻ തീരുമാനിച്ചേക്കാം. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ലേലത്തിൽ പങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.