പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദിയും ടി20 നായകന്‍ സല്‍മാന്‍ അലി ആഘയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകള്‍ തള്ളി പാക് ക്രിക്കറ്റ് ബോർഡ് (പിസിബി). ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വാർത്തകള്‍ പൂർണമായും തെറ്റാണെന്ന് പിസിബി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഷഹീൻ അഫ്രീദിയുമായി പാകിസ്ഥാൻ ടീം നേതൃത്വത്തിന് ചില വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാർത്ത പരന്നതാണ് പരസ്യ പ്രസ്താവനയുമായി രംഗത്തെത്താന്‍ പാക് ക്രിക്കറ്റ് ബോർഡിനെ പ്രേരിപിപ്പിച്ചത്. ഇത്തരം ഒരു റിപ്പോർട്ട് പുറത്തുവിട്ട എക്സ് പോസ്റ്റ് വൈറലായിരുന്നു. പിന്നീട് ഇത് പിന്‍വലിച്ചെങ്കിലും അഭ്യൂഹങ്ങള്‍ വളരെ വേഗം പരന്നു. ഇതിനെത്തുടർന്നാണ്, തങ്ങളുടെ കളിക്കാരെയും സ്റ്റാഫുകളെയും ന്യായീകരിച്ച് പിസിബി പ്രസ്താവന പുറത്തിറക്കിയത്. കൂടാതെ 'അപകീർത്തികരമായ' വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിസിബി വ്യക്തമാക്കി.
"ഷഹീൻ അഫ്രീദി, ടീം ക്യാപ്റ്റൻ ആഘാ സൽമാൻ, പരിശീലക സ്റ്റാഫ് അംഗം എന്നിവർ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും അപകീർത്തികരവുമായ ആരോപണങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിഷേധിക്കുന്നു," പ്രസ്താവനയിൽ പറയുന്നു. പരിശീലന സെഷനുകളില അത്തരത്തിലുള്ള ഒരു സംഭവവും നടന്നിട്ടില്ലെന്ന് പിസിബി സ്ഥിരീകരിച്ചു. ഇത്തരം കിംവദന്തികൾ പൂർണമായും സാങ്കൽപ്പികമാണെന്നും ദേശീയ ടീമിനുള്ളിൽ ഭിന്നത വിതയ്ക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ മനഃപൂർവ്വം കെട്ടിച്ചമച്ചതാണെന്നും ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയില്‍ പറയുന്നു.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി പാകിസ്ഥാൻ പുരുഷ ടീം ഇപ്പോൾ ഫ്ലോറിഡയിലാണ്. പരമ്പരയിലെ ആദ്യ ടി20യിൽ പാകിസ്ഥാൻ വിജയിച്ചു. ഷഹീൻ എടുത്ത ഒരു മികച്ച ക്യാച്ച് 178 എന്ന സ്കോർ പ്രതിരോധിക്കുന്നതില്‍ നിർണായകമായി. 14 റണ്‍സിനാണ് പാകിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഒരു ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് നവാസാണ് പാകിസ്ഥാന്റെ വിജയശില്‍പ്പി.