
ചെന്നൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീം ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ രണ്ടിലും ഇടം പിടിച്ച ഹര്‍ഷിത് റാണയെ ചൊല്ലി വിവാദം കടുക്കുന്നു. ഇന്ത്യൻ ദേശീയ ടീമിൻ്റെ എല്ലാ ഫോർമാറ്റിലേക്കും യുവ പേസർ ഹർഷിത് റാണയെ ഉൾപ്പെടുത്തിയതിനെതിരെ സംശയം ഉന്നയിച്ച് മുൻ താരങ്ങളടക്കം രംഗത്തെത്തുകയാണ്. ഹർഷിതിൻ്റെ ഈ 'നിരന്തരമായ സൗഭാഗ്യത്തെ' കുറിച്ച് വലിയ ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്.
ഹർഷിതിൻ്റെ കഴിവ് അംഗീകരിക്കുന്നുണ്ട് എങ്കിലും എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള റാണയുടെ സ്ഥിരതയെക്കുറിച്ചും മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ സംശയം പ്രകടിപ്പിച്ചു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ വിമർശിച്ചത്. കഴിഞ്ഞ വർഷം മുതൽ 10 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ മാത്രം നേടിയ ഒരു താരത്തെ എന്തിനാണ് എല്ലാ ഫോർമാറ്റുകളിലേക്കും തെരഞ്ഞെടുക്കുന്നതെന്ന് അറിയാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അശ്വിൻ ചോദ്യമുന്നയിക്കുന്നത്.
"സെലക്ഷൻ കമ്മിറ്റി എന്തിനാണ് ഹർഷിതിനെ തെരഞ്ഞെടുത്തത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഇതിന് പിന്നിലെ കാരണം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. എൻ്റെ അഭിപ്രായത്തിൽ ഓസ്‌ട്രേലിയയിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ബൗളറെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്. റാണയ്ക്ക് ബാറ്റ് ചെയ്യാനാകുമെന്ന് ആരോ വിശ്വസിക്കുന്നുണ്ട്. അതിനാലാണ് എട്ടാം നമ്പർ സാധ്യത മുന്നിൽ കണ്ട് റാണയെ തെരഞ്ഞെടുത്തത്. പക്ഷേ റാണയുടെ ബാറ്റിങ്ങിൻ്റെ കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല എന്നതാണ് സത്യം," ആർ. അശ്വിൻ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ഹർഷിത് റാണയെ ഇന്ത്യൻ ടീമിലെത്തിച്ചതിന് പിന്നിൽ മുൻ കെകെആർ കോച്ചായ ഗൗതം ഗംഭീറിൻ്റെ ഇടപെടലുകളാണുള്ളത്. മെറിറ്റിൽ കവിഞ്ഞ് താരത്തിന് ഗംഭീർ അമിത പ്രാധാന്യം നൽകുന്നതായും പരക്കെ വിമർശനമുണ്ട്. ധാരാളം റൺസ് വഴങ്ങുന്നുവെന്ന വിമർശനവും താരം നേരിടുന്നുണ്ട്.